സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി

HIGHLIGHTS : Siddharth's death; High Court upholds university's action to stop further studies of 19 accused students

cite

കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം തടഞ്ഞ കേരള വെറ്ററിനറി സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവെച്ചു. മൂന്ന് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കാമ്പസിലും പ്രവേശനം നേടാനാവില്ല. സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 19 പേര്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ മണ്ണുത്തിയിലെ ക്യാമ്പസില്‍ അവസരമൊരുക്കണമെന്ന് സിംഗിള്‍ബെഞ്ച് ഉത്തരവില്‍പറഞ്ഞിരുന്നു. എന്നാല്‍, സിദ്ധാര്‍ഥന്റെ മാതാവ് ഇതിനെതിരേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളായ വിദ്യാര്‍ഥികളെ മറ്റൊരു ക്യാമ്പസിലേക്ക് മാറ്റാനുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.

നേരത്തെയുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിന് ശേഷം ആന്റ്‌റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികളായ വിദ്യാര്‍ഥികളെ സര്‍വകലാശാലയില്‍നിന്ന് പുറത്താക്കാനും മൂന്ന് വര്‍ഷത്തെക്ക് മാറ്റിനിര്‍ത്താനും ഡീബാര്‍ ചെയ്യാനുമുള്ള തീരുമാനം ഉണ്ടായിരുന്നു. ഇതാണ് ഹൈക്കോടതി ശരിവെച്ചത്.

2024 ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നെ വഴിമാറിയത് ക്രൂര മര്‍ദ്ദനത്തിന്റെ വാര്‍ത്തയിലേക്കാണ്. സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥനെതിരെ നടന്നത്. കോളേജില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പരസ്യവിചാരണ ചെയ്തു. ഹോസ്റ്റല്‍ മുറി, ഡോര്‍മെറ്ററി, നടുമുറ്റം, സമീപത്തെ കുന്ന് എന്നിവിടങ്ങളില്‍ വെച്ചായിരുന്നു സിദ്ധാര്‍ത്ഥനെതിരെ ക്രൂര മര്‍ദ്ദനം നടന്നത്. ദിവസങ്ങളോളം നീണ്ട ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഒടുവിലാണ് ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!