
തിരുവനന്തപുരം:കേള്‍വിശക്തിയില്ലാത്ത കുരുന്നുകള്‍ക്ക് ശബ്ദലോകത്തിന്റെ വാതായനങ്ങള്‍ തുറന്നുനല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ‘ശ്രുതിതരംഗം’ പദ്ധതിയിലൂടെ ഇതുവരെ അംഗീകരിക്കപ്പെട്ട അപേക്ഷകളില്‍ 86 ശതമാനത്തിലും ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
2026 ജനുവരി 24ലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പദ്ധതി വഴി ലഭ്യമാകുന്ന സേവനങ്ങളില്‍ വലിയ പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പദ്ധതി പ്രകാരം ശസ്ത്രക്രിയയ്ക്ക് ലഭിച്ച അപേക്ഷകളില്‍ സാങ്കേതിക കമ്മിറ്റി അംഗീകരിച്ച 204 അപേക്ഷകളില്‍ 177 പേരുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ഇതില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 54 ശസ്ത്രക്രിയകളാണ് വിജയകരമായി നടന്നത്.
ശസ്ത്രക്രിയയ്ക്ക് പുറമെ കോക്ലിയര്‍ ഉപകരണത്തിന്റെ റിപ്പയര്‍, പ്രോസസ്സര്‍ അപ്ഗ്രേഡേഷന്‍ എന്നീ സേവനങ്ങളും പദ്ധതിയുടെ ഭാഗമായി സൗജന്യമായി നല്‍കുന്നുണ്ട്. ഉപകരണങ്ങളുടെ റിപ്പയറിനായി ലഭിച്ച 1481 അപേക്ഷകളില്‍ 1161 എണ്ണത്തിലും (79%) ഇതിനകം പരിഹാരമായി. ഈ സാമ്പത്തിക വര്‍ഷം മാത്രം 510 ഉപകരണങ്ങളാണ് പ്രവര്‍ത്തനസജ്ജമാക്കിയത്.
കോക്ലിയര്‍ ഉപകരണത്തിന്റെ പ്രോസസ്സര്‍ നവീകരണത്തിനായി ലഭിച്ച 357 അപേക്ഷകളില്‍ 346 എണ്ണവും (97%) പൂര്‍ത്തിയാക്കി കഴിഞ്ഞു.
മൂന്ന് വയസ്സില്‍ താഴെയുള്ള ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കുന്ന ഈ പദ്ധതി സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് മുന്‍ഗണനയെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൂടാതെ മെനിഞ്ചൈറ്റിസ്, മുണ്ടിനീര് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് കേള്‍വി നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 12 വയസ്സുവരെ ശസ്ത്രക്രിയയ്ക്കും, ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് 25 വയസ്സുവരെ പ്രോസസ്സര്‍ അപ്ഗ്രേഡേഷനും സര്‍ക്കാര്‍ സഹായം നല്‍കുന്നു.
സ്വകാര്യ ആശുപത്രികളില്‍ ഏറ്റവും കുറഞ്ഞത് 8 മുതല്‍ 10 ലക്ഷം രൂപ വരെ ചിലവ് വരുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയാണ് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കുന്നത്.
2012ല്‍ സാമൂഹിക നീതി വകുപ്പിന് കീഴില്‍ ആരംഭിച്ച പദ്ധതി, 2023 മുതല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കൈമാറിയത്.
സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ മികച്ച ആശുപത്രികളുടെ ശൃംഖല വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട്, കിംസ് ഹെല്‍ത്ത്, ബേബി മെമ്മോറിയല്‍ ആശുപത്രി, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, അസ്സന്റ് ഇ.എന്‍.ടി ആശുപത്രി തുടങ്ങിയ പ്രമുഖ ആശുപത്രികളും ഈ സേവന ശൃംഖലയിലുണ്ട്.
കുട്ടികള്‍ക്ക് ‘ഓഡിറ്ററി വെര്‍ബല്‍ ഹാബിലിറ്റേഷന്‍’ തെറാപ്പിയും സര്‍ക്കാര്‍ സൗജന്യമായി ഉറപ്പാക്കുന്നു. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (NISH) വഴി വിദഗ്ധമായ തെറാപ്പി സേവനങ്ങളും ഇതോടൊപ്പം ലഭ്യമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




