വിശ്വാസ വോട്ടെടുപ്പിനെതിരെ ശിവസേന സുപ്രീംകോടതിയില്‍

മഹാരാഷ്ട്ര നിയമസഭ നാളെ ചേരാനും വിശ്വാസ വോട്ടെടുപ്പ് നടത്താനുമുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഗവര്‍ണറുടെ നീക്കം ചട്ടവിരുദ്ധമെന്നാരോപിച്ച് ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് അവധിക്കാല ബഞ്ചിനു മുന്നില്‍ ഹര്‍ജി നല്‍കിയത്, മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കണം എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ഇന്നു തന്നെ ഹര്‍ജി കേള്‍ക്കണം എന്ന് ശിവസനേയുടെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി അഭ്യര്‍ത്ഥിച്ചു.  ശിവസേന നീക്കത്തെ എതിര്‍ത്ത് വിമത എംഎല്‍എമാരും കോടതിയെ സമീപിച്ചു. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അവകാശമുണ്ടെന്ന് വിമത എംഎല്‍എമാര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇന്ന് വൈകിട്ട് 5 മണിക്ക് കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേ പറഞ്ഞു. പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിമതര്‍ എംഎല്‍എമാരെ ഇന്നു തന്നെ ഗോവയിലേക്ക് മാറ്റും. നാളെ മുംബൈയില്‍ തിരികെ എത്തിക്കും. ഗുവാഹത്തിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ആയിരുന്നു മാധ്യമങ്ങളോടുള്ള ഏക്‌നാഥ് ഷിന്‍ഡേയുടെ പ്രതികരണം.

നാളെ 11 മണിക്ക് സഭ ചേരുമെന്നും 5 മണിക്കകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഗവണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ ചിത്രീകരിക്കാന്‍ നിര്‍ദേശമുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എംഎല്‍എമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. 8 സ്വതന്ത്ര എംഎല്‍എമാരും ഗവര്‍ണര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും ഫട്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണ വേണം. എൻസിപിയും കോൺഗ്രസും ശിവസേനയും ചേര്‍ന്ന മഹാ അഘാഡി സഖ്യത്തിന് നിലവില്‍ 116 പേരുടെ പിന്തുണയാണ് ഉള്ളത്. എന്നാല്‍ വിമതര്‍ ഉള്‍പ്പടെ ബിജെപി സഖ്യത്തിന് 162 പേരുടെ പിന്തുണയുണ്ട്. അതേസമയം, ഒരു സഖ്യത്തില്‍ ഉള്‍പ്പെടാതെ ഏഴ് പേരും നിയമസഭയിലുണ്ട്.

 

Share news
error: Content is protected !!
Scroll to Top