ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി; മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ഷെയ്ഖ്, അറബിയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി

ദുബായ് എക്‌സ്‌പോ 2020ന്റെ വേദിയിൽ യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകി. അദ്ദേഹത്തോടൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം,  യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്‌സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ഷെയ്ഖ് അഹ്‌മദ് ബിൻ സഈദ് അൽ മക്തൂം തുടങ്ങിയവരുമുണ്ടായിരുന്നു.

കേരളത്തിന്റെ വികസനത്തിൽ യു.എ.ഇ നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ മുൻകൈയെടുക്കണമെന്ന്  അഭ്യർഥിക്കുകയും ചെയ്തു.

സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ യൂസഫ് അലി എന്നിവരും സന്നിഹിതരായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് എക്‌സ്‌പോയില്‍ സ്വീകരണം നല്‍കിയത് തന്റെ ട്വിറ്ററില്‍ മലയാളത്തില്‍ ട്വീറ്റ് ചെയ്ത് യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം രംഗത്തെത്തി.  അതിന് ട്വിറ്ററിലൂടെ അറബിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ .

 

Share news
error: Content is protected !!
Scroll to Top