മുംബൈ : ബോളിവുഡ് നടിയുടെ വീട്ടില്‍ ജോലി നോക്കിയിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഷാരൂഖ് ഖാന്റെ ഡ്രൈവര്‍ അറസ്റ്റില്‍. അന്ധേരി (ഈസ്റ്റ്) സ്വദേശിയായ രാജേന്ദ്രകുമാര്‍ ഗൗതം എന്ന പിന്റ മിക്ര (34) ആണ് അറസ്റ്റിലായത്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്തു ഹോട്ടല്‍ മുറിയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ലത്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി അഞ്ച് മാസം മുമ്പാണ് നടിയുടെ വേലക്കാരിയായി
നഗരത്തിലെത്തുന്നത്. പെണ്‍കുട്ടിയെ ശ്രദ്ധയില്‍പെട്ട ഗൗതം സുഹൃത്ത് വഴി പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് സൂപ്പര്‍സ്റ്റാറിനൊപ്പം നല്ല ജോലിയും ശമ്പളവും വാഗ്ദാനം ചെയ്യുകയായിരുന്നു. പിന്നീടുള്ള പല ദിവസങ്ങളിലും പെണ്‍കുട്ടിയെ ഗൗതം ഫോണില്‍ വിൡുകയും ഇയാള്‍ ഒരു ദിവസം ഷാരൂഖ് ഖാന്റെ ബംഗ്ലാവില്‍ കൊണ്ടു പോകാമെന്നും പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി നടിയുടെ വീട്ടിലെ ജോലി ഉപേക്ഷിച്ച് ജൂണ്‍ 20 ന് അവിടെനിന്നിറങ്ങുകയും ചെയ്തു.
തുടര്‍ന്ന് ഗൗതത്തിനെ കാണാനെത്തിയ പെണ്‍കുട്ടിയെ നല്ലസോപാരയിലെ വീട്ടിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞു. ഉച്ചവരെ ബാന്ദ്രയില്‍ ചിലവഴിച്ച ശേഷം വീട്ടില്‍ കുടുംബമുണ്ടെന്നും അവര്‍ക്ക് പെണ്‍കുട്ടിയുമായി ചെല്ലുന്നത് ഇഷ്ടമാകില്ലെന്നും പറഞ്ഞ് ഗൗതം പെണ്‍കുട്ടിയെ നല്ലസോപാരയിലെ ഹോട്ടലില്‍ എത്തിച്ചു. തുടര്‍ന്ന് രാത്രി പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയില്‍ വെച്ച് ഇയാള്‍ ബലാത്സംഗം ചെയ്യുകയും ആരോടെങ്കിലും പറഞ്ഞാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജോലി നഷ്ടപ്പെട്ട് എങ്ങും പോകാനില്ലാതെ മുംബൈയില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ബാന്ദ്ര പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഉച്ചയോടെ ഗൗതത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ജോലിനഷ്ടപ്പെട്ട പെണ്‍കുട്ടി ലത്തൂരില്‍ മാതാവിന്റെ അടുത്തേക്ക് തിരിച്ച് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.



