
മുംബൈ: അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കര്‍ക്ക്
ഭൗതിക ശരീരത്തിന് മുന്നില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മുംബൈ ശിവാജി പാര്‍ക്കിലെത്തിയ താരവും ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്ലാനിയും ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ (പ്രാര്‍ഥന) നടത്തുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
ഷാരൂഖ് ഖാനും മനേജര്‍ പൂജ ദദ്ലാനിയും അന്ത്യോപചാരം അര്‍പ്പിക്കുന്ന ചിത്രത്തിനെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്നത്. ലതാ മങ്കേഷ്‌കര്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കുകയും ദുആ എടുത്ത ശേഷം അവരുടെ പാദങ്ങളില്‍ തൊട്ട് നമസ്‌കരിക്കുകയും ചെയ്തു. ഷാരൂഖ് മുസ്ലിങ്ങളുടെ പ്രാര്‍ഥനയായ ദുആ ചെയ്യുമ്പോള്‍ പൂജ കൈകൂപ്പി പ്രാര്‍ഥിക്കുന്നതായി ആണ് ചിത്രത്തിലുണ്ടായിരുന്നത്. കൈ കൂപ്പി പൂജ ദദ്ലാനിയും കൈകളുയര്‍ത്തി ഷാരൂഖും നില്‍ക്കുന്ന ചിത്രത്തെ ‘മതേതര ഇന്ത്യയുടെ ചിത്രം’ എന്നാണ് ആരാധകരടക്കം വിശേഷിപ്പിച്ചത്.
അതേ സമയം ഷാരൂഖ് ഖാന്റെ ചിത്രം ചൂണ്ടിക്കാട്ടി പല വിദ്വേഷ പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളിലുണ്ടായി. ദുആ ചെയ്തതിന് ശേഷം മൃതദേഹത്തിലേക്ക് ഊതിയിരുന്നു. ഇതിനെ ഷാരൂഖ് ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തിലേക്ക് തുപ്പിയെന്ന പ്രചാരണം ചിലര്‍ നടത്തുകയുണ്ടായി.
ആദരാഞ്ജലി അര്‍പ്പിച്ചപ്പോള്‍ ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ഥിച്ച ശേഷം ഷാരൂഖ് മാസ്‌ക് മാറ്റി കുനിഞ്ഞുനിന്ന് ആദരവ് പ്രകടിപ്പിച്ചിരുന്നു. ഇതിനെയാണ് ഷാരൂഖ് ഖാന്‍ തുപ്പി എന്ന രീതിയില്‍ വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്.




