
ആക്രമണത്തില്‍ മദ്യ കുപ്പി കൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാ നേതാവ് മെന്റല്‍ ദീപു (37) മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേ ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. രാത്രി മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് മെന്റല്‍ ദീപുവിനു നേരെ ആക്രമണമുണ്ടായത്. നിരവധി കേസുകളില്‍ പ്രതിയായ അയിരൂപ്പാറ സ്വദേശി കുട്ടനാണ് കല്ലും കുപ്പിയും കൊണ്ട് ദീപുവിനെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. കേസില്‍ അയിരൂപ്പാറ സ്വദേശി കുട്ടന്‍ ശാസ്തവട്ടം സ്വദേശി പ്രവീണ്‍, കിളിമാനൂര്‍ സ്വദേശി ലിബിന്‍ എന്നിവരെയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. അയിരൂപ്പാറ സ്വദേശി സ്റ്റീഫനെക്കൂടി പിടികൂടാനുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് പറഞ്ഞത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ മങ്ങാട്ടുകോണത്ത് നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത് കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. ചന്തവിളയില്‍ ഒരു കടക്കു മുന്നിലിരുന്ന മദ്യപിക്കുമ്പോഴായിരുന്നു ഒപ്പമുണ്ടായിരുന്നവര്‍ ദീപുവിനെ ആക്രമിച്ചത്.




