ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവം; സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിയ്ക്ക് പരിക്കേറ്റതിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം . വിവിധ ജില്ലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്കും പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതിഷേധം നടത്തി.

തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇവിടെ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. കണ്ണൂര്‍ തലശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

പാലക്കാട്ട് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

കൊല്ലത്ത് ചവറ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡിസിസി സെക്രട്ടറി അരുണ്‍രാജിന്റെ നേതൃത്വത്തിലാണ് ഉപരോധം. ഒട്ടുമിക്ക ജില്ലകളിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. ചിലയിടങ്ങളില്‍ പ്രതിഷേധം പൊലീസുമായുള്ള സംഘര്‍ഷത്തിലേക്ക് വഴിമാറിയിട്ടുണ്ട്.

സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആഹ്വാനം ചെയ്തിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തുടര്‍ന്നാണ് വിവിധ ജില്ലകളില്‍ പ്രതിഷേധം ആരംഭിച്ചത്. ഇന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

കോഴിക്കോട് പേരാമ്പ്രയില്‍ വൈകിട്ട് 5 മണിയോടെ എല്‍ഡിഎഫ് പ്രതിഷേധമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ മര്‍ദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതേ സമയത്ത് തന്നെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താലിന്റെ ഭാഗമായുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനവും 6 മണിയോടെ ആരംഭിച്ചിരുന്നു.

അതേസമയം, ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. എംപിക്ക് സുരക്ഷ നല്‍കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top