നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എസ് പി യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കം

പത്തനംതിട്ട:ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എസ് പി യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കം. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിനിടയില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനും എസ് പിക്ക് നേരെ തട്ടിക്കയറി.

നിങ്ങള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടുന്നുണ്ടല്ലോ എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങള്‍ അങ്ങോട്ട് കടത്തിവിടുന്നില്ല എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ചോദ്യം. പമ്പയിലെ പാര്‍ക്കിംഗ് സ്‌പേസുകള്‍ ഏറെക്കുറെ പ്രളയത്തില്‍ ഒലിച്ചുപോയെന്നും മണ്ണിടിച്ചിലിനുള്ള സാധ്യതയുള്ളതിനാലാണ് അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതെന്നും എസ്പി പറഞ്ഞു. എന്നാല്‍ കെ എസ് ആര്‍ടിസി ബസുകളെ കടത്തിവിടുന്നതോ എന്നായിരുന്നു മന്ത്രിയുടെ അടുത്ത ചോദ്യം. കെഎസ്ആര്‍ടിസി ബസുകള്‍ അവിടെ പാര്‍ക്ക് ചെയ്യുന്നില്ലെന്നും എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ അപകടമുണ്ടാകുമെന്നും ഗതാഗത തടസം ഉണ്ടാവുമെന്നും ഇതിന് സമാധാനം പറയേണ്ടത് താനാകുമെന്നും മന്ത്രി ഉത്തരവിട്ടാല്‍ അനുവദിക്കാമെന്നും എസ് പി പറഞ്ഞു.എന്നാല്‍ തനിക്ക് അതിനു അധികാരമില്ലെന്ന് മന്ത്രി പറയുകയും തന്റെ നിര്‍ദേശങ്ങള്‍ അധികാരികളെ അറിയിക്കു എന്നും പറയുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിയും സംഘവും ബസില്‍ കയറി പമ്പയിലേക്ക് പോവുകയുമായിരുന്നു.

അതെസമയം ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെക്കുറിച്ച് ഒരു പ്രതികരണത്തിനും മന്ത്രി തയ്യാറായില്ല.