ശബരിമലയില്‍ സുരക്ഷ കര്‍ശനം; ആവശ്യമെങ്കില്‍ 50 വയസ് കഴിഞ്ഞ വനിതാ പോലീസിനെ വിന്യസിക്കും

പത്തനംതിട്ട: ശബരിമല നട ചിത്തിര ആട്ട തിരുനാളിന് നാളെ തുറക്കുന്നതിന്റെ ഭാഗമായി ശബരിമയില്‍ കനത്ത സുരക്ഷയൊരുക്കി പോലീസ്. ഇന്നലെ അര്‍ധരാത്രി മുതല്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ നിലവില്‍ വന്നു. അതേസമയം സന്നിധാനത്ത് ആവശ്യമായി വരുകയാണെങ്കില്‍ 50 വയസുകഴിഞ്ഞ വനിത പോലീസുകാരെ വിന്യസിക്കാനും ഉന്നതതലയോഗത്തില്‍ തീരുമാനമായി.

പ്രായം ചെന്ന സ്ത്രീകളെ അണിനിരത്തി സന്നിധാനത്ത് പ്രതിഷേധിക്കാന്‍ ബി ജെ പിയും ആര്‍എസ്എസു തയ്യാറെടുക്കുന്നുണ്ടെന്ന രഹസ്യഅന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ശബരിമലയിലും പരിസര പ്രദേശങ്ങളിലും 2300 ഓളം പോലീസുകാരെ വിന്യസിപ്പിക്കുമെന്നാണ് സൂചന.

അതെസമയം ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കുമെന്നും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിനുവേണ്ടിയാണ് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഡിജിപിയുടെ വിശദീകരണം.

Related Articles