HIGHLIGHTS : ദില്ലി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ വസതിയില്‍ ഗോവ പോലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഗോവ...
ദില്ലി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ വസതിയില്‍ ഗോവ പോലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഗോവ പോലീസ് തേജ്പാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ചോദ്യം ചെയ്യുന്നതിനായി ഹാജരാക്കാന്‍ നിശ്ചയിച്ച സമയം കഴിഞ്ഞതോടെയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
ശനിയാഴ്ച വരെ കീഴടങ്ങാനുള്ള സമയം നീട്ടിത്തരണമെന്ന തേജ്പാലിന്റെ അപേക്ഷ ഗോവ പോലീസ് ഇന്നലെ തള്ളിയിരുന്നു. തേജ്പാലിനെ അറസ്റ്റ് ചെയ്യാനായി ദില്ലിയിലെത്തിയ ഗോവ പോലീസ് ഒളിവിലുള്ള തേജ്പാലിനെ ഇതുവരെ കണ്ടെത്താനായില്ല. ഇതെ തുടര്‍ന്ന് തേജ്പാലിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.


അതെസമയം തേജ്പാല്‍ ഗോവ കോടതിയില്‍ മുന്‍കൂര്‍ ജാ്യമാപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദില്ലിയില്‍ തേജ്പാല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചിരുന്നു. കേസ് നടക്കുന്ന ഗോവ കോടതിയില്‍ ഹര്‍ജി നല്‍കാനാണ് ദില്ലികോടതിയിലെ ഹര്‍ജി പിന്‍വലിച്ചത്.
തെഹല്‍ക്കയുടെ പനാജിയില്‍ വെച്ചുനടന്ന പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകയായ സഹപ്രവര്‍ത്തകയെ തേജ്പാല്‍ പീഡിപ്പിച്ചന്നാണ് തേജ്പാലിനെതിരെയുള്ള പരാതി.