Section

malabari-logo-mobile

‘സേവനം വാതില്‍പ്പടിയില്‍’ സംസ്ഥാന വ്യാപകമായി ഈ മാസം നടപ്പാക്കും

HIGHLIGHTS : ‘Service at the door’ will be implemented statewide this month

മലപ്പുറം:പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കുന്ന വൈദ്യുതി വകുപ്പിന്റെ ‘സേവനം വാതില്‍പ്പടിയില്‍’ പദ്ധതി ഈ മാസം തന്നെ സംസ്ഥാന വ്യാപകമായി പൂര്‍ണ തോതില്‍ നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി.കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മങ്കട 110 കെ.വി സബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാലിയാറില്‍ ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതിന് ജനപ്രതിനിധികളുടെയും ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ 400 കെ.വി, 200 കെ.വി ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ 50 ശതമാനത്തിലധികം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 220 കെ.വി, 110 കെ.വി സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. വൈദ്യുതി വകുപ്പിന്റെ കസ്റ്റമര്‍ കെയര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിച്ചുവരുന്നുന്നതായും മന്ത്രി പറഞ്ഞു. മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനായി. അബ്ദുസമദ് സമദാനി എം. പി. ചടങ്ങില്‍ മുഖ്യാതിഥിയായി.

22.5 എം.വി.എ ശേഷിയുള്ള സബ് സ്റ്റേഷന്‍ പൂര്‍ണ ശേഷി കൈവരിക്കുന്നതോടെ മങ്കട, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, ആനക്കയം, കീഴാറ്റൂര്‍ പഞ്ചായത്തുകളില്‍പ്പെട്ട 60,000 ത്തോളം വരുന്ന വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം നേരിട്ട് ലഭ്യമാകും. 33 കെ.വി മക്കരപറമ്പ, 220 കെ.വി മാലാപറമ്പ, 110 കെ.വി മലപ്പുറം, 110 കെ.വി പെരിന്തല്‍മണ്ണ എന്നീ സബ് സ്റ്റേഷനുകളില്‍ നിന്നുള്ള ഫീഡറുകളിലെ ലോഡ് കുറയുന്നതു വഴി ആ ഫീഡറുകളിലെ നിലവാരം മെച്ചപ്പെടുകയും ചെയ്യും. മങ്കട സബ് സ്റ്റേഷന്‍ 110 കെ.വി ആക്കി ഉയര്‍ത്തിയതോടു കൂടി പ്രസരണ നഷ്ടത്തില്‍ കുറവുണ്ടാക്കുകയും ഈ പ്രദേശങ്ങളില്‍ തടസരഹിതമായി വൈദ്യതി ലഭ്യമാക്കുകയും ചെയ്യും.

sameeksha-malabarinews

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എന്‍.എസ് പിള്ള, കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി മുരുകദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ, ജില്ലാപഞ്ചായത്തംഗം ഷഹര്‍ബാന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുള്‍ കരീം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അസ്ഗറലി, ഡെപ്യൂട്ടി കലക്ടര്‍ പി.എം പുരുഷോത്തമന്‍, മറ്റ് ജനപ്രതിനിധികള്‍, കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!