സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴി; ഷാജ് കിരണിന് ഇഡി നോട്ടീസ്

കൊച്ചി: സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിന് ഇഡി നോട്ടീസ്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് ഷാജ് കിരണിനെതിരേ സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാലിത് ഷാജ് കിരണ്‍ നിഷേധിച്ചിരുന്നു.

കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡി സ്വപ്നയില്‍ നിന്ന് മൊഴിയെടുക്കാന്‍ തുടങ്ങിയത്.

നേരത്തെ കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചനാക്കേസില്‍ പ്രത്യേക അന്വേഷണസംഘവും ഷാജ് കിരണിനെ ചോദ്യം ചെയ്തിരുന്നു. രണ്ടുതവണയാണ് പ്രത്യേക അന്വേഷണസംഘം ഇയാളില്‍നിന്ന് മൊഴിയെടുത്തത്. ഇതിനുപിന്നാലെയാണ് ഇ.ഡി.യും ഷാജ് കിരണിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ സ്വപ്‌ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഇന്ന് ഹാജരാകണമെന്ന് കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്നയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചും വിളിച്ചിട്ടുണ്ടെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമേ ഹാജരാകുകയുള്ളുവെന്ന്
സ്വപ്ന സുരേഷ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top