എഡിന്‍ബറ: സ്വതന്ത്ര രാഷ്ട്രമാകാനുള്ള സ്‌കോട്ട്‌ലന്റിന്റെ ആഗ്രഹം സഫലമായില്ല. സ്‌കോട്ട്‌ലെന്റ് ബ്രിട്ടനൊപ്പം തന്നെ തുടരണമെന്നാണ് ഭൂരിഭാഗം ജനങ്ങളും വിധിയെഴുതിയത്. 55 ശതമാനം പേരാണ് ഐക്യ ബ്രിട്ടനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്.
സ്‌കോട്ട്‌ലന്റ് സ്വതന്ത്രമാകണമെന്ന ആവശ്യവുമായി മുന്നോട്ടു വന്ന സ്വതന്ത്ര വാദികളുടെ നേതാവ് അലക്‌സ് സാല്‍മണ്ട് തോല്‍വി അംഗീകരിച്ചു. എല്ലാവരും ജനഹിതം മാനിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
32 കൗണ്‍സിലുകളില്‍ 27 ഉം ബ്രിട്ടനെ പിന്തുണച്ചു. സ്‌കോട്ട്‌ലെന്റ് സ്വതന്ത്രമാകണമെന്ന് വോട്ട് ചെയ്തത് 5 കൗണ്‍സിലുകള്‍ മാത്രമാണ്. ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും വോട്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്. 5,579 പോളിംഗ് സ്റ്റേഷനുകളിലായി നടന്ന വോട്ടെടുപ്പ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിവരെ നീണ്ടു. ഇന്നലെ നടന്ന അഭിപ്രായ സര്‍വ്വേയിലും ഭൂരിഭാഗം പേരും ഐക്യ ബ്രിട്ടനെയാണ് പിന്തുണച്ചത്.
ബ്രിട്ടന്റെ മൂന്നില്‍ ഒരു ഭാഗവും സ്‌കോട്ട്‌ലന്റിലാണ് മൊത്തം ആവശ്യത്തിന്റെ 67 ശതമാനം എണ്ണവും, 53 ശതമാനം പ്രകൃതിവാതകവും ഖനനം ചെയ്യപ്പെടുന്നത് സ്‌കോട്ട്‌ലന്റിലാണ്. 1,707 ലാണ് സ്‌കോട്ട്‌ലെന്റും, ഇംഗ്ലണ്ടും ലയിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപീകൃതമായത്. ഇംഗ്ലണ്ട് വെയില്‍സ് സ്‌കോട്ട്‌ലന്റ് എന്നിവ അടങ്ങുന്നതാണ് ബ്രിട്ടന്‍.
സ്വന്തം ലേഖകന്‍



