തിരു: ടാക്‌സി കാറുകളുടെ മിനിമം ചാര്‍ജ്ജ് 200 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മറ്റിയുടെ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് തീരുമാനിച്ചു. ടാക്‌സികളുടെ മിനിമം ചാര്‍ജ്ജ് 150 രൂപയാക്കിയാല്‍ മതിയെന്ന ശുപാര്‍ശ വകുപ്പ് മന്ത്രി മന്ത്രിസഭാ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ്ജ് 20 രൂപയാക്കാനുള്ള ശുപാര്‍ശ അംഗീകരിക്കാമെന്നും മന്ത്രി സഭാ കുറിപ്പില്‍ പറയുന്നു.
മിനിമം ചാര്‍ജ്ജ് 200 രൂപയാക്കണമെന്നുള്ള നിര്‍ദ്ദേശം അംഗീകരിക്കേണ്ടതില്ലെന്നും മിനിമം ചാര്‍ജ്ജ് 150 രൂപയായി നിജപ്പെടുത്തണമെന്നുള്ള നിര്‍ദ്ദേശമാണ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ വെച്ചിരിക്കുന്നത്. ഓട്ടോ നിരക്ക് സംബന്ധിച്ച കമ്മീഷന്‍ ശുപാര്‍ശ അതേപടി അംഗീകരിക്കാമെന്നും മന്ത്രിസഭാകുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ്ജ് 20 രൂപയാക്കണമെന്നാണ് ശുപാര്‍ശ. മിനിമം ചാര്‍ജ്ജിന് മുകളില്‍ ഓരോ കിലോമീറ്ററിനും 10 രൂപയായിരിക്കും നിരക്ക്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ നിരക്ക് വര്‍ദ്ധനവ് പരിഗണനക്ക് വന്നെങ്കിലും നികുതി കൂട്ടാനുള്ള തീരുമാനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയാണ് ഉണ്ടായത്.



