മലപ്പുറം: ടോറസ്സിനടിയില്‍പ്പെട്ട് മലപ്പുറത്ത് ഇരുചക്ര വാഹനയാത്രക്കാരിക്ക് ദാരുണാന്ത്യം. വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിത ( 32 ) യാണ് അപകടത്തില്‍ മരിച്ചത്. രജിതക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച സഹ യാത്രികക്കും പരിക്കേറ്റു. കൂട്ടുപാത മാട്ടായ സ്വദേശി പാലത്തിങ്കല്‍ ഗ്രീഷ്മ ( 32 ) നാണ് പരിക്കേറ്റത്. പരിക്കേറ്റ ഗ്രീഷ്മയെ നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം നടന്നത്.
അപകടത്തില്‍ തെറിച്ച് വീണ രജിതയുടെ ശരീരത്തില്‍ കൂടി ടോറസ് കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രജിത സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
അപകടം വരുത്തിയ ശേഷം നിര്‍ത്താതെ പോയ ടോറസ് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. കുറ്റിപ്പാലയില്‍ വച്ചാണ് നാട്ടുകാര്‍ ടോറസ് തടഞ്ഞ് പിടികൂടിയത്. ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മരിച്ച രജിതയുടെ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പത്തിരിപ്പാല സ്വദേശികളായ ചന്ദ്രന്‍ , വസന്ത എന്നിവരാണ് രജിതയുടെ മാതാപിതാക്കള്‍. സജീഷാണ് ഭര്‍ത്താവ്. ആകാശ് , അനന്യ എന്നിവരാണ് മക്കള്‍.




