പത്തനംതിട്ട അടൂര്‍ സ്‌കാനിംഗ് സെന്ററില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിന്‍ മേല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫറെ കൊല്ലം കടക്കല്‍ സ്വദേശി അംജിത്തിനെയാണ് പൊലീസ് പിടികൂടിയത്. രാത്രി സ്‌കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുമ്പോള്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.
അടുര്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ദേവി സ്‌കാനിംഗ് സെന്ററിലാണ് സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന ആളുകള്‍ അവിടേക്കെത്തുകയും ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ സംശയം സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് അംജിത്തിന്റെ ഫോണില്‍ നിന്ന് ലഭിച്ചു.
പൊലീസ് പരിശോധനയില്‍ പെണ്‍കുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രി തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.




