കോഴിക്കോട്: സ്‌കൂള്‍ കെട്ടിടത്തിന് എസ് ഡി പി ഐയുടെ കൊടിയുടെ നിറം പൂശിയെന്നാരോപിച്ച് സ്‌കൂളിന് മുന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോഴിക്കോട് കാരന്തൂര്‍ എയ്‌ഡഡ് സ്‌കൂളിലാണ് സംഭവം നടന്നത്. പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്‌ഘാടനം ചെയ്യാനായി സ്ഥലം എംഎല്‍എ പിടിഎ റഹീമും മറ്റു ജനപ്രതിനിധികളും വേദിയിലെത്തിയ സമയത്തായിരുന്നു പ്രതിഷേധം. ഉദ്‌ഘാടന വേദിക്ക് മുമ്പില്‍ കുത്തിയിരുന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
പിടിഐയിലും, സ്‌കൂള്‍ മാനേജ്‌മെന്റിലും അംഗങ്ങളായ എസ്‌ഡിപിഐയുടെ പ്രാദേശിക നേതാക്കളുടെ താല്‍പ്പര്യമാണ് ഈ കെട്ടിടത്തിന്റെ നിറമാറ്റത്തിന് പിന്നിലെന്ന് യൂത്ത്‌ലീഗ് ആരോപിച്ചു. അതേസമയം പരിസ്ഥിതി സൗഹൃദ നിറമായതിനാലാണ് കെട്ടിടത്തിന് പച്ച പൂശിയതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന എ ഇ ഒ സമരക്കാരുമായി ചര്‍ച്ച നടത്തി. സ്‌കൂള്‍ കെട്ടിടത്തിന്റെ നിറം മാറ്റിയില്ലെങ്കില്‍ നിരാഹാരമടക്കമുള്ള സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് യൂത്ത്‌ലീഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




