സ്‌കൂളുകളിലെ നിയമനാംഗീകാരവും തസ്തിക നിര്‍ണയവും ഓണ്‍ലൈനാക്കി കൈറ്റിന്റെ ‘സമന്വയ’ സിസ്റ്റം

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ എയ്ഡഡ് മേഖലയിലെ അധ്യാപകഅധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാര പ്രക്രിയയും സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലെ തസ്തിക നിര്‍ണയവും പൂര്‍ണമായും ഓണ്‍ലൈനാക്കി ‘സമന്വയ’ എന്ന വെബ്ബധിഷ്ഠിത സോഫ്റ്റ്വെയര്‍ (കൈറ്റ്) തയ്യാറാക്കി. നിയമനാംഗീകാര പ്രക്രിയ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാനും കാലതാമസം ഇല്ലാതാക്കാനും ഈ സംവിധാനം കൊണ്ട് സാധിക്കും.

‘സമന്വയ’യില്‍ വിവിധ തലങ്ങളിലെ ഫയല്‍ കൈമാറ്റം പൂര്‍ണമായും ഓണ്‍ലൈനാക്കിയിട്ടുണ്ട്. മാനേജര്‍മാര്‍ക്ക് ഇനി വിദ്യാഭ്യാസ ഓഫീസുകളെ സമീപിക്കാതെതന്നെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സമര്‍പ്പിച്ച അപേക്ഷകള്‍, അതില്‍ അംഗീകരിച്ചവ, നിരസിച്ചവ, പെന്റിംഗുള്ളവ തുടങ്ങിയ വിശദാംശങ്ങള്‍ ഡാഷ്ബോര്‍ഡില്‍ ലഭ്യമാകും. അപേക്ഷകളുടെ സ്റ്റാറ്റസ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങി വിവിധ തലങ്ങളില്‍ മോണിറ്റര്‍ ചെയ്യാനും ‘സമന്വയ’യില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫയലുകളുടെ ഓഡിറ്റും ഇനി ഓണ്‍ലൈനായി നടക്കും.
കൈറ്റ് തന്നെ വികസിപ്പിച്ചെടുത്ത ‘സമ്പൂര്‍ണ’ സ്‌കൂള്‍ മാനേജ്മെന്റ് പോര്‍ട്ടല്‍ വഴിയാണ് നിലവില്‍ 14593 സ്‌കൂളുകളുടേയും നാല്പത്തഞ്ചു ലക്ഷത്തിലധികം കുട്ടികളുടേയും 1.72 ലക്ഷം അധ്യാപകരുടേയും 21432 മറ്റു ജീവനക്കാരുടേയും വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നത്.

പാഠപുസ്തകങ്ങളുടെ ഇന്റന്റിംഗ്, വിവിധ കലോത്സവങ്ങളും മേളകളും, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി രാജ്യത്താദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര ഇഗവേണന്‍സ് ഇതുവഴി നടപ്പാവുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
‘സമന്വയ’ ആപ്ലിക്കേഷന്റെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ജൂണ്‍ 11) രാവിലെ 10.30 ന് നിയമസഭാ കോംപ്ലക്സില്‍ നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, സെക്രട്ടറി എ.ഷാജഹാന്‍, ഡയറക്ടര്‍ ജീവന്‍ ബാബു തുടങ്ങിയവരും സംബന്ധിക്കും.

Related Articles