മെക്‌സിക്കോ: കൂട്ടം പക്ഷികള്‍ ആകാശത്ത് നിന്ന് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത് വടക്കന്‍ മെക്‌സിക്കോയിലെ കുഹ്‌തെമൊക് നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്റെ കാരണം ദുരൂഹമായി തുടരുകയാണ്. പ്രാദേശിക റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി ഏഴിനാണ് സംഭവമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഞ്ഞയും കറുപ്പും നിറത്തിലുള്ള ദേശാടന പക്ഷികളാണ് കൂട്ടത്തോടെ താഴേക്ക് പതിച്ചത്. എന്തു കൊണ്ടാണ് ഇത്തരത്തില്‍ പക്ഷികള്‍ ആകാശത്ത് നിന്ന് താഴേക്ക് പതിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. താഴേക്ക് വീണ പക്ഷികളില്‍ പലതും തിരിച്ചു പറന്നു പോയെങ്കിലും ഇവയില്‍ ചിലതൊക്കെ നിരത്തില്‍ ചത്തു കിടക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. കറുത്ത പുകമേഘം പോലെ ഒരു കൂട്ടം പക്ഷികള്‍ നിലത്തേക്ക് പതിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്നത്.
പരുന്ത് പോലെയുള്ള ഭീകരന്‍ പക്ഷി ഈ പക്ഷിക്കൂട്ടങ്ങളുടെ ഇടയിലേക്ക് ഇടിച്ച് കയറിയത് കൊണ്ടാവാം പക്ഷികള്‍ കൂട്ടത്തോടെ താഴേക്ക് പറന്ന് വീണതെന്നാണ് വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ 5ജിയാണ് ഇതിന് കാരണമെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഉയര്‍ന്ന തോതിലുള്ള മലിനീകരണം, മരം കത്തിക്കുന്ന ഹീറ്ററുകള്‍, കാര്‍ഷിക രാസവസ്തുക്കള്‍, തണുത്ത കാലാവസ്ഥ തുടങ്ങിയവ കൊണ്ടാകാം ഇത്തരത്തില്‍ പക്ഷികള്‍ കൂട്ടത്തോടെ താഴേക്ക് പതിച്ചത് എന്ന് സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക പത്രം വിദഗ്ദരെ ഉദ്ധരിച്ചു കൊണ്ട് പറയുന്നു.




