സ്‌കൂള്‍ പ്രവേശനോത്സവം: സംസ്ഥാനതല ഉത്ഘാടനം നാടിന്റെ ആഘോഷമായി

IMG-20140602-WA0013
തിരൂരങ്ങാടി : സ്‌കൂള്‍ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം തിരൂരങ്ങാടിയില്‍ നാടിന്റെ ആഘോഷമായി. തിരൂരങ്ങാടി ചെമ്മാട് തൃക്കുളം ഗവ.ഹൈസ്‌കൂളിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. സാംസ്‌കാരിക ഘോഷയാത്രയും സംഗീതശില്‍പ്പവും ആഘോഷത്തിന് മാറ്റേകി. ഒന്നാം ക്ലാസ്സില്‍ പുതുതായെത്തിയ കുരുന്നുകളെ പൂച്ചെണ്ട് നല്‍കി മന്ത്രിമാര്‍ വരവേറ്റതോടെയാണ് പരിപാടി തുടങ്ങിയത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നിന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും വാദ്യമേളങ്ങളുടെ അകമ്പടിയോടെ തൃക്കുളം ഹൈസ്‌കൂളിലെത്തി നവാഗതരെ ക്ലാസ്സ് മുറികളിലേക്ക് ആനയിച്ചു.
ഒന്നാം ക്ലാസ്സ് പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച ക്ലാസ്സ് മുറികളിലേക്കാണ് കുട്ടികളെ മന്ത്രിമാര്‍ കൈപിടിച്ച് പ്രവേശിപ്പിച്ചത്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച രീതിയില്‍ വളരെ കാര്യക്ഷമമായാണ് സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ജില്ല പല കാര്യങ്ങളിലും കേരളത്തിന് മാതൃകയാണ്. രക്ഷിതാക്കളോടും വിദ്യാര്‍ഥികളോടുമൊപ്പം നാട് ഒന്നടങ്കമുണ്ടെന്ന് തെളിയിക്കുന്നതാണ് പ്രവേശനോത്സവത്തിലെ വമ്പിച്ച ജനപങ്കാളിത്തമെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയും പാഠപുസ്തകങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിച്ചും അധ്യാപകര്‍ക്ക് ശാസ്ത്രീയമായി പരിശീലനം നല്‍കിയും സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥി കൊഴിഞ്ഞുപ്പോക്ക് ഇല്ലാതാക്കിയെന്ന് അധ്യക്ഷനായ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ മുഴുവന്‍ അധ്യയന ദിനങ്ങളും കാര്യക്ഷമമായി ഉപയോഗപ്പെടുത്താനായതിനാലാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണര്‍വുണ്ടാക്കിയത്. ഒന്നാം തരം മുതല്‍ സംസ്‌കൃതം, കലാപഠനം എന്നിവയ്ക്ക് അവസരമൊരുക്കിയും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പാഠ്യപദ്ധതിയും പരിഷ്‌ക്കരണത്തിന്റെ തെളിവാണ്. എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പരിരക്ഷയുടെ പാഠങ്ങള്‍ എന്ന കൈപുസ്‌കത്തിന്റെയും പരിഷ്‌ക്കരിച്ച പാഠപുസ്തകത്തിന്റെയും പ്രകാശനം മന്ത്രി പി.കെ അബ്ദുറബ്ബ് നിര്‍വഹിച്ചു. കൈപുസ്തകം എസ്.എസ്.എ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്റ്റര്‍ ഇ.പി മോഹന്‍ദാസ് ഏറ്റുവാങ്ങി. വിദ്യാഭ്യാസ സന്ദേശമടങ്ങിയ അക്ഷരത്തൂവാലയുടെ കൈമാറ്റം മന്ത്രി മഞ്ഞളാംകുഴി അലിയും നിര്‍വഹിച്ചു. എസ്.എസ്.എ ഗ്രാന്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് തൃക്കുളം ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടോമി മാത്യുവിന് നല്‍കി ഉത്ഘാടനം ചെയ്തു. സൗജന്യ യൂണിഫോം വിതരണം അഡ്വ. കെ.എന്‍.എ ഖാദര്‍ എം,എല്‍എ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവ കിറ്റ് വിതരണം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി ജമീലയും അധ്യാപക പുസ്തക പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞുവും നിര്‍വഹിച്ചു. സാക്ഷ്യം സിഡി പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം സി.പി ജമീല അബൂബക്കര്‍, ഭിന്നശേഷിയുള്ളവര്‍ക്കുള്ള സഹായഉപകരണ വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ,പി ജല്‍സീമിയ, ‘സ്മൃതി 2014’ ബി.ആര്‍.സി ഡോക്യൂമെന്റേഷന്‍ മലപ്പുറം ഡി.ഇ.ഒ പി സഫറുള്ള എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
എസ്.ഇ.ആര്‍.റ്റി ഡയറക്ടര്‍ പ്രൊഫ.കെ.എ ഹാഷിം, മലപ്പുറം ഡിഡിഇ ഇന്‍ ചാര്‍ജ് ഉണ്ണികൃഷ്ണന്‍, മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പല്‍ പി അബ്ദുറസാഖ്, പഞ്ചായത്ത് പ്രസിന്റുമാരായ എം അബ്ദുറഹ്മാന്‍ കുട്ടി, വി,പി സൈതലവി, എ സീനത്ത് ആലി ബാപ്പു, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍.എം അന്‍വര്‍ സാദത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ,എം മൊയ്തീന്‍, സ്റ്റേറ്റ് ക്ലെയ്‌സ് ആന്‍ഡ് സിറാമിക്‌സ് ചെയര്‍മാന്‍ കൃഷ്ണന്‍ കോട്ടുമല, പരപ്പനങ്ങാടി ബി.ആര്‍.സി ബിപിഒ പിറ്റി രതി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ.എ റസാഖ്, സ്‌കൂള്‍ പിറ്റിഎ പ്രസിഡന്റ് കൊടപ്പനക്കല്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട് സ്വാഗതവും എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.കെ ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു. ഘോഷയാത്ര തിരൂര്‍ ആര്‍.ഡി.ഒ കെ ഗോപാലന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.സി.സി. സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് 3,40,000 കുട്ടികളാണ് ഒന്നാം തരത്തിലെത്തിയത്.

 

Share news
error: Content is protected !!
Scroll to Top