ദേവസ്വം ജീവനക്കാരില്‍ 60% ക്രിസ്ത്യാനികളെന്ന നുണപ്രചരണം; കെപി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്നുള്ള ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ദേവസ്വംബോര്‍ഡ് ജീവനക്കാരില്‍ 60% ക്രിസ്ത്യാനികളാണെന്ന വിവരം നമുക്ക് എത്രപേര്‍ക്കറിയാമെന്നായിരുന്നു ശശികല ചോദിച്ചത്. ഹിന്ദു ഒരുഗതിയും പരഗതിയും ഇല്ലാതെ തെണ്ടുമ്പോള്‍ അവന്റെ അമ്പലത്തില്‍ ജോലിചെയ്യുന്നതും ഹിന്ദുവിന്റെ ചില്ലാനം കൊണ്ട് ശമ്പളം വാങ്ങുന്നത് അറുപത് ശതമാനവും ക്രിസ്ത്യാനികളാണെന്നുള്ളത് ഹിന്ദുവിന്റെ കണ്ണുതുറപ്പിക്കണമന്നായിരുന്നു ശശി കലയുടെ ആഹ്വാനം.

എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ഒരൊറ്റ അഹിന്ദു പോലും ജോലി ചെയ്യുന്നില്ലെന്നും അതിന് നിലവിലെ നിയമം അനുശാസിക്കുന്നില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ശശികല നടത്തുന്ന വിഷലിപ്തമായ പ്രചരണങ്ങള്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. അമ്പലങ്ങളുടെ ഒരു നയാപൈസ പോലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നും എന്നാല്‍ ആളുകളുടെ നികുതിപ്പണത്തില്‍നിന്ന് കോടാനുകോടി രൂപ ക്ഷേത്രങ്ങളുടെ വികസനത്തിന് ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.