തിരു: മന്ത്രിസഭയിലേക്ക് ഗണേഷ് കുമാറിനെ ഉടന്‍ തിരിച്ചെടുത്തില്ലെങ്കില്‍ സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ കത്ത് പുറത്തു വിടുമെന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭീഷണിക്കെതിരെ കടുത്ത നിലപാടുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ കത്ത് കയ്യിലുണ്ടെങ്കില്‍ അത് ആദ്യം പുറത്ത് വിടട്ടെ എന്നും അത്‌വരെ മന്ത്രിസഭ പുനഃസംഘടനക്ക് വേണ്ടി കാത്തിരിക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍.
ഗണേഷ് കുമാറിനെ ഈ മാസം 31 ന് മുമ്പ് മന്ത്രിയാക്കണമെന്നാണ് ബാലകൃഷ്ണപിള്ള അന്ത്യശാസനം നല്‍കിയിട്ടുള്ളത്. ഇക്കാര്യം കഴിഞ്ഞ യുഡിഎഫ് യോഗത്തിലും അദ്ദേഹം ഉന്നയിച്ചിരുന്നു. കൂടാതെ ഉന്നത നേതാക്കളുടെ പേരുകള്‍ ഉള്‍കൊള്ളുന്ന കത്ത് പുറത്ത് വിടുമെന്ന മുന്നറിയിപ്പും പിള്ള നല്‍കി. തന്റെ മകന്റെ പേര് കത്തിലില്ലെന്നും മറ്റ് നേതാക്കളുടെ പേരാണ് ഉള്ളതെന്നും പിള്ള പറഞ്ഞു.
അതേസമയം പിള്ളയുടെ ഈ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കളും. ഗണേഷിന്റെ കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കാന്‍ ആകില്ലെന്നും പാര്‍ട്ടിയിലും യുഡിഎഫിലും മറ്റു കക്ഷികളോടും ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ തന്റെ കൈവശം കത്തുണ്ടെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. അതേസമയം കത്തില്ല എന്ന് പറയില്ല. മുഖ്യമന്ത്രി വാക്കുപാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിള്ള പറഞ്ഞു.




