നദികളിലെ മണല്‍വാരല്‍ തുടങ്ങുന്നു

HIGHLIGHTS : Sand dredging begins in rivers

cite

തിരുവനന്തപുരം: ഒമ്പത് വര്‍ഷത്തിനുശേഷം സംസ്ഥാനത്തെ നദികളിലെ മണല്‍ വാരല്‍ പുനരാരംഭിക്കുന്നു. ഇതിനായി ശാസ്ത്ര വ്യാവസായിക ഗവേഷണ കൗണ്‍സില്‍ തയ്യാറാക്കിയ ജില്ലാതല സര്‍വെ റിപ്പോര്‍ട്ട് റവന്യു വകുപ്പ് അംഗീകരിച്ചു.

കൊല്ലം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, എറണാകുളം ജില്ലയിലെ നദികളില്‍ നിന്ന് ഒന്നേ മുക്കാല്‍ കോടി ടണ്‍ മണല്‍ വാരാനാകുമെന്നാണ് വിലയിരുത്തല്‍. ഇതുവഴി സര്‍ക്കാരിന് 1500 കോടി വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നദികളുടെ സംരക്ഷണത്തിനും മണല്‍ ക്ഷാമത്തിനും പരിഹാരം കാണുകയാണ് പ്രധാന ലക്ഷ്യം.

കേന്ദ്ര പരിസ്ഥിതി – വനം -കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനം, മാര്‍ഗ നിര്‍ദേശം, സുപ്രീംകോടതി, ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിന്യായം എന്നിവ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2020ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ സുസ്ഥിര മണല്‍ വാരല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും നിരീക്ഷണ മാര്‍ഗങ്ങള്‍ക്കും അടിസ്ഥാനമായാണ് പുതിയ തീരുമാനം. ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതികള്‍ക്കാണ് മേല്‍നോട്ടം. മാനദണ്ഡങ്ങള്‍ പിന്നാലെ പുറത്തിറക്കും.

ഭാരതപ്പുഴ, കടലുണ്ടി, ചാലിയാര്‍ നദികളില്‍ നിന്നുള്ള മണല്‍ ഖനനത്തിലൂടെ മാത്രം 200 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഭാരതപ്പുഴയില്‍ നിന്ന് മാത്രം 54.55 ലക്ഷം ടണ്‍ ഖനനം ചെയ്യാനാകും. മണല്‍വാരല്‍ പുനരാരംഭിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!