കോഴിക്കോട്: മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മുസ്ലീം കോര്‍ഡിനേഷന്‍ കമ്മറ്റിയില്‍ നിന്നും സമസ്ത വിഭാഗംപിന്‍മാറി. വിഷയാധിഷ്ഠിതമല്ലാതെ സ്ഥിരം കോര്‍ഡിനേഷന്‍ കമ്മറ്റി ആവിശ്യമില്ലെന്നാണ് സമസ്തയുടെ തീരുമാനം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(ഇകെ വിഭാഗം) മുശവറ യോഗമാണ് ഈ കൂട്ടായ്മ വിടാന്‍ തീരുമാനിച്ചത്. ഈ തീരുമാനം മുസ്ലീംലീഗിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. വിഷയം അടിസ്ഥാനമാക്കി രൂപീകരിക്കുന്ന സമിതിയുമായി മാത്രം സഹകരിക്കാമെന്നാണ് മുശവറയുടെ തീരുമാനം.
അടിയന്തര സന്ദര്‍ഭങ്ങളില്‍ പ്രശ്‌നങ്ങള്‍ അടിസ്ഥാനമാക്കി പാണക്കാട് തങ്ങള്‍ക്ക് മുസ്ലീം സംഘടനകളുടെ യോഗം വിളിക്കാം ഇതുമായി സഹകരിക്കും. ഇതില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികള്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കെണ്ട എന്ന നിലപാട് തന്നയാണ് വ്യക്തമാകുന്നത്.
ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മുസ്ലീംലീഗിന്റെ സമുദായകൂട്ടായ്മയോട് സമസ്തക്ക് ആദ്യം മുതല്‍ തന്നെ വിയോജിപ്പ് ഉണ്ട്. വഖഫ് ബോര്‍ഡ് വിഷയത്തില്‍ കോര്‍ഡിനേഷന്‍ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് പറയുന്ന സന്ദര്‍ഭത്തില്‍ മുസ്ലീംലീഗ് ജനറല്‍ സക്രട്ടറി പിഎംഎ സലാം വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ സമരപ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഇതനോട് വിയോജിച്ച് അടുത്ത ദിവസം തന്നെ സമസ്ത ഈ കാര്യത്തിലെ വിയോജിപ്പ് പരസ്യമാക്കുകയും പള്ളികള്‍ സമരവേദികളാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ ഈ വിഷയത്തില്‍ സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്തു.
ഇതേ തുടര്‍ന് ഒരു വിഭാഗം ലീഗ് അണികള്‍ സമൂഹ്യമാധ്യമങ്ങളിലൂടെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തക്കോയതങ്ങളടക്കമുള്ള നേതൃത്വത്തിനെതിരെ രൂക്ഷമായതും, സഭ്യമല്ലാത്തതുമായ അധിക്ഷേപങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇത് സമസ്തയില്‍ ലീഗിനെതിരെ ശക്തമായ വികാരമുണ്ടാക്കി.
കൂടാതെ മുജാഹിദ് താല്‍പ്പര്യങ്ങള്‍ക്കാണ് ലീഗ് പ്രാമുഖ്യം നല്‍കുന്നതെന്ന് നേരത്തെ സമസ്തയില്‍ അഭിപ്രായമുണ്ട്. ഇപ്പോള്‍ വഖഫ് വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ രീതികളിലാണ് സമരം നടത്തുന്നതെന്ന് ആക്ഷേപവും സമസ്തക്കുള്ളില്‍ ഉയര്‍ന്നുവന്നു. ലീഗ് പലപ്പോഴും ജമാഅത്തിന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങുന്നുവന്ന ആക്ഷേപവും സമസ്തയ്ക്കുണ്ട്. കേരളത്തിലെ സുന്നിവിഭാഗം മുസ്ലീങ്ങളില്‍ ശക്തമായ സംഘടന സ്വാധീനമുള്ള വിഭാഗമാണ് ഇകെ വിഭാഗം.




