ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ്സിന്റെ സമൃദ്ധി പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കം, ഓരോ വളണ്ടിയര്‍മാരും 10 തൈകള്‍ വീതം തയാറാക്കും

കോഴിക്കോട്: പരിസ്ഥിതി സംരക്ഷണം, സുസ്ഥിര ഭക്ഷ്യവ്യവസ്ഥ എന്നിവ ലക്ഷ്യമിട്ട് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന സമൃദ്ധി പദ്ധതിക്ക് ജില്ലയില്‍ തുടക്കം. 2024 പരിസ്ഥിതി ദിന പ്രമേയമായ ഭൂമി പുനരുദ്ധാരണം, വരള്‍ച്ച പ്രതിരോധം, മരുഭൂവല്‍ക്കരണം. എന്നിവ സംബന്ധിച്ച് വിപുലമായ ക്യാമ്പയിനാണ് പദ്ധതിയുടെ ഭാഗമായി നടക്കുന്നത്.

പ്രാദേശികമായി ലഭ്യമായ സീസണല്‍ ഫലങ്ങളായ ചക്ക, മാങ്ങ, ആത്ത, പേരക്ക, സപ്പോര്‍ട്ട, ചാമ്പ, ആഞ്ഞിലി തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, വളണ്ടിയര്‍മാര്‍ക്ക് വിത്ത് ശേഖരണം, ശാസ്ത്രീയമായി വിത്ത് മുളപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ കര്‍ഷകരുടെ സഹായത്തോടെ പരിശീലനം നല്‍കുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു. ഓരോ വളണ്ടിയര്‍മാരും 10 തൈകള്‍ വീതം തയാറാക്കി ഒരു യൂണിറ്റ് പരമാവധി 500 തൈകള്‍ ആണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. ജില്ലയിലെ 153 യൂണിറ്റുകളില്‍ നിന്നും 76500 തൈകള്‍ പദ്ധതിയുടെ ഭാഗമായി തയാറാക്കും.

ലോക പരിസ്ഥിതി ദിനാചരണവും സമൃദ്ധി പദ്ധതിയുടെ കോഴിക്കോട് സൗത്ത് ജില്ലാതല ഉദ്ഘാടനവും പന്നൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. ആര്‍ ഡി ഡി എം സന്തോഷ്‌കുമാര്‍ തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ എ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ കര്‍ഷകശ്രീ ഫരീദ് ഹാജിയെ ആദരിച്ചു. എന്‍ എസ് എസ് കോഴിക്കോട് സൗത്ത് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ എം കെ മുഖ്യാതിഥിയായി. എന്‍ എസ് എസ് യൂണിറ്റ് തയാറാക്കിയ ഇതളുകള്‍ എന്ന കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. തുടര്‍ന്ന് ജില്ലയിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പന്നൂര്‍ എന്‍എസ്എസ് യൂണിറ്റ് തയാറാക്കിയ ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു.

പ്രിന്‍സിപ്പല്‍ സരിത എം ബി, വാര്‍ഡ് മെമ്പര്‍ ഇന്ദു സനിത്ത്, എന്‍ എസ് എസ് ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ പി കെ സുധാകരന്‍, ഹെഡ്മിസ്ട്രസ്സ് സ്മിത പി, എസ് എം സി ചെയര്‍മാന്‍ പ്രഭാകരന്‍, കുമാരി റിന്‍ഷ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top