
തിരൂരില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിനിയായ ഷമീന/കമലേഷ് (53)ന് കുടുംബത്തിലേക്ക് തിരിച്ചെത്താനുള്ള വഴിയൊരുക്കി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍. ഫെബ്രുവരി 27 നാണ് തിരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നും കണ്ടെത്തിയ ഇവരെ മഞ്ചേരി ജയില്‍ സൂപ്രണ്ടിന്റെയും വനിതാ സംരക്ഷണ ഓഫീസറുടെയും നിര്‍ദ്ദേശപ്രകാരം സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ എത്തിച്ചത്. തുടര്‍ന്ന് 181 ഹെല്‍പ്പ് ലൈന്‍ സഹായത്തോടെ ഉത്തര്‍പ്രദേശ് വണ്‍ സ്റ്റോപ്പ് സെന്ററുമായി ബന്ധപ്പെട്ട് ഷമീനയുടെ ബന്ധുക്കളെ കണ്ടെത്തി.
ബന്ധുക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തിരിച്ചറിയുകയും തമ്മില്‍ സംസാരിക്കുകയും ചെയ്തു. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് അധികൃതര്‍ ഉറപ്പാക്കി. മാര്‍ച്ച് ആറിന് ഷമീനയെ സുരക്ഷിതമായി മകനായ രാഹുലിനൊപ്പം സ്വദേശത്തേക്ക് യാത്രയാക്കി.
*സഖി വണ്‍ സ്റ്റോപ്പ്*
അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍.
ഏതെങ്കിലും തരത്തില്‍ ഉള്ള മാനസീക, ശാരീരിക, ലൈംഗീക, സാമ്പത്തിക ചൂഷണങ്ങളോ മറ്റു പ്രശ്നങ്ങളോ നേരിടുന്ന സ്ത്രീകള്‍ക്ക് ഏത് സമയവും സഹായം തേടാവുന്നതാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററില്‍ കൗണ്‍സിലിങ്, നിയമോപദേശം, വൈദ്യ സഹായം, അഭയം തുടങ്ങിയ സേവനങ്ങളാണ് നല്‍കുന്നത്. സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍, കേസ് വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍, ലീഗല്‍ അഡൈ്വസര്‍, പോലീസ്, തുടങ്ങി 15 വനിതാ ജീവനക്കാരാണ് ഇവിടെ ഉള്ളത്.
കൃത്യമായ മോണിറ്ററിങ് ഉള്ളതിനാല്‍ വരുന്ന സ്ത്രീകള്‍ക്ക് എല്ലാ തരത്തിലുമുള്ള മാനസിക പിന്തുണ ഉറപ്പു വരുത്താനും ധാരാളം സ്ത്രീകളുടെ പുനരധിവാസവും കൃത്യമായി നടത്താന്‍ സാധിച്ചെന്ന് മലപ്പുറം വനിതാ സംരക്ഷണ ഓഫീസര്‍ ടി.എം. ശ്രുതി അറിയിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ബി2 ബ്ലോക്കിലാണ് വനിതാ സംരക്ഷണ ഓഫീസ് പ്രവര്‍ത്തിക്കുന്നത് പെരിന്തല്‍മണ്ണയിലാണ് സഖി പ്രവര്‍ത്തിക്കുന്നത്.




