സൂക്ഷിച്ചോ അടുത്തുത് നീയാണ്: സുനില്‍ പി ഇളയിടത്തിന് പിന്നാലെ ശ്രീചിത്രനും ഭീഷണി

തൃശ്ശൂര്‍ :സുനില്‍ പി ഇളയിടത്തിന്റെ സംസ്‌കൃതസര്‍വ്വകലാശാലയിലെ ഓഫീസിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ശ്രീചിത്രനും ഭീഷണി.’സൂക്ഷിച്ചോ അടുത്തത് നീയാണ്’ എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍കോള്‍ ലഭിച്ചെന്ന് ശ്രീചിത്രന്‍ തന്റെ ഫെയ്‌സബുക്ക് വാളിലെഴുതിയ പോസ്റ്റിലൂടെ വ്യക്തമാക്കി

ഇന്റര്‍നെറ്റ് കോളിലൂടെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. തെറിവിളിയുമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ അനുഭാവികള്‍ നടത്തുന്ന പ്രചരണങ്ങളെ താത്വികമായി തന്നെ പൊളിച്ചടുക്കുന്ന പ്രഭാഷണങ്ങള്‍ നടത്തുന്നയാളാണ് ഇളയിടത്തെ പോലെ ശ്രീചിത്രനും. ഇവരുടെ പ്രഭാഷണങ്ങള്‍ക്ക് നവമാധ്യമങ്ങളില്‍ വലിയ സ്വീകര്യതയാണ്. ശ്രീചിത്രന്റെ ഫെയ്‌സബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഒരു ഇൻറർനെറ്റ് കോൾ വന്നിരുന്നു. ” സൂക്ഷിച്ചോ, അടുത്തത് നീയാണ് ” എന്നു പറഞ്ഞു. കൂടെ കുറച്ച് തെറികളും. ഫോൺ വെച്ചു. ഒരു പരിപാടിയിൽ നിന്ന് ഇപ്പോൾ ഇറങ്ങിയപ്പോഴാണ് സുനിൽ പി ഇളയിടത്തിന്റെ ഡിപ്പാർട്ട്മെന്റ് കാബിനിൽ ഭീഷണികൾ എഴുതി വെച്ച കാര്യം അറിയുന്നത്.

ഗംഭീരമാകുന്നുണ്ട് വിശ്വാസ സംരക്ഷണം. തോക്കില്ലാത്ത കാലത്ത് ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിച്ച് തുടങ്ങിയതാണല്ലോ. പൻസാരെയും ധാബോൽക്കറും ഗൗരി ലങ്കേഷും പിന്നിട്ട് ഇന്ന് നമുക്കു മുന്നിലെത്തിയിരിക്കുന്നു.

നിശ്ശബ്ദരായിരിക്കും എന്നു മാത്രം കരുതരുത്. തൊണ്ടയിൽ അവസാനത്തെ ശബ്ദം ബാക്കി നിൽക്കും വരെ ഭരണ ഘടനക്കും നീതിക്കും ഒപ്പം നിന്നു സംസാരിക്കും. അഥവാ ശബ്ദമില്ലാതായാൽ മറ്റുള്ളവർ സംസാരം തുടരും. മനുഷ്യരേ അവസാനിക്കൂ, ചരിത്രം അവസാനിക്കില്ല.

തൽക്കാലം ഇത്രമാത്രം.