സേഫ് കോറിഡോര്‍ വിജയകരം

തിരൂരങ്ങാടി: മറുനാട്ടില്‍ നിന്ന് എത്തുന്ന ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ സുരക്ഷിതമായി ജില്ലാ കടത്തിവിടുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയ സുരക്ഷിത ഇടനാഴി പദ്ധതി (സേഫ് കോറിഡോര്‍ ) വിജയകരമായ സംതൃപ്തിയിലാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍.

മണ്ഡലകാലം ആരംഭിച്ചതോടെ തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കും തിരിച്ച് വരുന്നവര്‍ക്കും സുരക്ഷിത യാത്ര ഒരുക്കുക എന്ന ലക്ഷ്യം വെച്ച്
ദേശീയപാതയില്‍ രാമനാട്ടുകര മുതല്‍ ചങ്കുവെട്ടി വരെയും ചങ്കുവെട്ടി മുതല്‍ കുറ്റിപ്പുറം വരെയും കുറ്റിപ്പുറം മുതല്‍ ചങ്ങരംകുളം വരെ മൂന്ന് ഭാഗങ്ങളായി തിരിച്ച മേഖലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച മൂന്ന് സ്‌ക്വാഡുകള്‍ക്കും വിവിധ സേവനങ്ങള്‍ അയ്യപ്പഭക്തര്‍ക്ക് ഒരുക്കി കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. ചേളാരി ചമ്രവട്ടം വഴി പോകുന്നവര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

24 മണിക്കൂറും നിരത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാല്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നതുപോലെ ഒറ്റ അപകടങ്ങളും അപകടമരണങ്ങളും ഇല്ല എന്നത് ശ്രദ്ധേയമായ നേട്ടമാണ്. മകരജ്യോതി അടുപ്പിച്ച് പതിവിനു വിപരീതമായി തീര്‍ഥാടകരുടെ വാഹനങ്ങള്‍ വര്‍ധിച്ചതോടെ പ്രധാന അപകട മേഖലകള്‍ കേന്ദ്രീകരിച്ച് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ രാത്രി ചുക്ക് കാപ്പിയും കട്ടന്‍ചായയും വിതരണം ചെയ്ത് ബോധവല്‍ക്കരണം നടത്തിയത് കൊണ്ട് അപകടങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ടി ജി ഗോകുലിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്.

ജില്ലയില്‍ ആദ്യമായാണ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്.
കോട്ടക്കല്‍ ചങ്കുവെട്ടി പറമ്പിലങ്ങാടിയിലായിരുന്നു കണ്‍ട്രോള്‍റൂം. കുറ്റിപ്പുറം മിനി പമ്പയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌കും ഉണ്ടായിരുന്നു.
അപകടങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു ആശുപത്രി, ആംബുലന്‍സ്, സര്‍വീസ് സ്റ്റേഷന്‍, ഇറ്റാച്ച്, ജെസിബി, ടയര്‍ പഞ്ചര്‍, മറ്റു വാഹനങ്ങളുടെ ബദല്‍ സംവിധാനം എന്നിവയും ഒരുക്കിയത് കൊണ്ട് ചെറിയ മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ വന്ന വാഹനങ്ങള്‍ പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ വാഹന നന്നാക്കി കൊടുത്തതും എല്ലായിടത്തും ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചതും തീര്‍ഥാടകര്‍ക്ക് ഏറെ സഹായകരമായി. ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങളില്‍നിന്നും തീര്‍ത്ഥാടകരുടെ വാഹനം കടത്തിവിടുന്നതിനായും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനം ലഭിച്ച കര്‍ണാടകയില്‍ നിന്നുള്ള പല അയ്യപ്പഭക്തരും തിരിച്ച് നാട്ടിലേക്ക് പോകുമ്പോള്‍ ഉദ്യോഗസ്ഥരെ കണ്ട് നന്ദി അറിയിച്ചാണ് നാട്ടിലേക്ക് തിരിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി വന്‍ വിജയകരമായിരുന്നു എന്നും ഇത് വഴി ജനങ്ങള്‍ക്ക് ഉപകാരമായ വിലപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചെന്നും ഇതെല്ലാം ഭാവിയില്‍ ഉപയോഗപ്പെടുത്തുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ജില്ല ആര്‍ ടി ഒ ടി ജി ഗോകുല്‍ പറഞ്ഞു.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം 10 മാസം പിന്നിടുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കിയ ഓപ്പറേഷന്‍ സ്‌കൂള്‍ സോണ്‍, നോമ്പ് കാലത്ത് അപകടങ്ങള്‍ കുറക്കാന്‍ നോമ്പ് തുറ ഒരുക്കിയും ഓണം ക്രിസ്മസ് കാലത്ത് നടത്തിയ പ്രത്യേക ബോധവല്‍ക്കരണവും കര്‍ശന പരിശോധന, ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണം, രാത്രികാലങ്ങളില്‍ നടത്തിയ ബോധവല്‍ക്കരണം എന്നിവ വഴി 2018 നെ അപേക്ഷിച്ച് 2019 അപകടമരണങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമായ നേട്ടമാണ്..

Share news
error: Content is protected !!
Scroll to Top