ഇരുന്നൂറിലധികം വിദേശനിര്‍മിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ച് റഷ്യ

മോസ്‌കോ: ഉപരോധങ്ങള്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന യുഎസും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മറുപടിയുമായി റഷ്യ. ഇന്നലെ ഇരുനൂറിലധികം വിദേശനിര്‍മിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകള്‍, ടെലികോം, ടെക്‌നോളജി, കൃഷി മേഖലകളിലെ ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കാണ് ഈ വര്‍ഷം അവസാനം വരെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റഷ്യയുമായി സൗഹൃദത്തിലല്ലാത്ത നടപടികള്‍ക്ക് തുനിഞ്ഞ രാജ്യങ്ങളിലേക്കുള്ള മരത്തിന്റെ കയറ്റുമതിയും നിരോധിക്കും. പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമുള്‍പ്പെടെ 48 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ആണ് ഇതു ബാധിക്കുക.

മറ്റു രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുക എന്നതിനെക്കാള്‍ ഉപരോധം റഷ്യയുടെ ആഭ്യന്തര വിപണിയില്‍ ക്ഷാമം സൃഷ്ടിക്കാതിരിക്കാനാണ് നേരത്തെ ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങള്‍ വീണ്ടും കയറ്റുമതി ചെയ്യുന്നത് നിരോധിച്ചത്.

പാശ്ചാത്യ ഉപരോധങ്ങള്‍ മൂലം ഊര്‍ജമേഖലയില്‍ വിലക്കയറ്റമുണ്ടായതോടെ യൂറോപ്പിലെ സ്റ്റീല്‍, രാസവള ഫാക്ടറികളും പേപ്പര്‍ മില്ലുകളും പൂട്ടിത്തുടങ്ങി. റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ലഭ്യത കുറഞ്ഞതും റഷ്യയില്‍ നിന്ന് ഇവ വാങ്ങുന്നത് യുഎസ് വേണ്ടെന്നു വച്ചതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണം.

 

Share news
error: Content is protected !!
Scroll to Top