യുക്രൈന്‍ യുദ്ധവും എണ്ണവിലയുടെ കുതിപ്പും കാരണം ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഡോളറിന് 76.94 എന്ന നിലയിലാണ് നിലവില്‍ രൂപയുടെ മൂല്യം. വിനിമയ മൂല്യത്തില്‍ വന്ന വര്‍ധന പ്രവാസികള്‍ക്ക് ഗുണകരമായി. യു.എ.ഇയിലെ ധനവിനിമയ സ്ഥാപനങ്ങളില്‍ തിങ്കളാഴ്ച ഒരു ദിര്‍ഹത്തിന് 20.96 രൂപ വരെ ലഭിച്ചു. സൗദി റിയാലും 20 രൂപക്ക് മുകളിലെത്തിയിട്ടുണ്ട്. ഒമാനി റിയാല്‍ 200-ന് അടുത്തും കുവൈത്തി ദിനാര്‍ 252-ന് മുകളിലുമാണ് നിലവിലെ വിനിമയ നിരക്ക്. ബഹ്റൈന്‍ ദിനാര്‍ 204 രൂപയ്ക്കടുത്തുണ്ട്. 21 രൂപക്ക് മുകളില്‍ ഒരു ഖത്തര്‍ റിയാലിനും ലഭിക്കും.
ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് കൂടിയതോടെ നാട്ടിലേക്ക് പണമയക്കുന്നതും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. 48 ദിര്‍ഹത്തിന് ആയിരം രൂപവരെ പ്രവാസികള്‍ക്ക് ലഭിച്ചിരുന്നു. ചരിത്രത്തിലെ റെക്കോഡ് വിലയിടിവാണ് രൂപയ്ക്ക് സംഭവിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു.
വരും ദിവസങ്ങളിലും രൂപയ്ക്ക് വിലയിടിവ് തുടരുമെന്നാണ് വിലയിരുത്തല്‍. മണിക്കൂറുകള്‍ക്കിടയിലാണ് രൂപയുടെ മൂല്യമിടിയുന്നതെന്ന് ധനവിനിമയ സ്ഥാപനങ്ങളും പറയുന്നു.
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ നേട്ടം കൊയ്യുന്നത് തുടരുന്നു. യു.എ.ഇ. യില്‍ ദിവസങ്ങളായി ഓണ്‍ലൈന്‍ വിനിമയവും വര്‍ധിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് ശമ്പളം ലഭിക്കുന്ന ദിവസങ്ങളായതിനാലും നാട്ടിലേക്ക് മികച്ച നിരക്കില്‍ പണമയക്കാന്‍ സാധിച്ചു. നാട്ടിലേക്ക് പണമയക്കുന്നതില്‍ ഗണ്യമായ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക പണമിടപാട് സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.




