താളിയോല വിജ്ഞാനം സാധാരണക്കാര്‍ക്ക് ഉപകരിക്കണം
ഡോ. എം.ആര്‍. രാഘവവാര്യര്‍
നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോലഗ്രന്ഥങ്ങളില്‍ ഉറങ്ങുന്ന അമൂല്യവിജ്ഞാനം സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന തരത്തിലേക്ക് മാറ്റണമെന്ന് ചരിത്രകാരന്‍ ഡോ. എം.ആര്‍. രാഘവ വാര്യര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ താളിയോല ഗ്രന്ഥപ്പുര സംഘടിപ്പിച്ച അന്തര്‍ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയുടെ താളിയോലഗ്രന്ഥപ്പുരയില്‍ അമൂല്യമായ നിരവധി അറിവുകളുണ്ട്. അത് തിരിച്ചറിയാന്‍ പരിശീലനം ലഭിച്ച ഒരു സംഘത്തെ വാര്‍ത്തെടുക്കേണ്ടതുണ്ട്. അതുവഴി വിജ്ഞാനം സമൂഹത്തിലേക്കെത്തും. ലോകവിജ്ഞാനത്തെ ഒരടിയെങ്കിലും മുന്നോട്ടു വെയ്ക്കാനുള്ള ആശയങ്ങളില്‍ പലതും കേരളത്തില്‍ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. മലയാളം പഠനവകുപ്പ് മേധാവി ഡോ. പി. സോമനാഥന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, താളിയോലഗ്രന്ഥപ്പുര ഡയറക്ടര്‍ ഡോ. എം.പി. മഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു. ‘കേരളീയ വൈദ്യ പാരമ്പര്യം : ഭാഷ, വിജ്ഞാനം, സംസ്‌കാരം’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ ഗ്ലാസ്ഗോ സര്‍വകലാശാലാ ലക്ചറര്‍ ഡോ. ഒഫീറ ഗംലിയേല്‍, കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജിലെ പ്രൊഫസര്‍ ഡോ. എം.വി. വിനോദ് കുമാര്‍, ഡോ. എന്‍.എ. ഷിഹാബ്, ഡോ. ബേബി ഷാരി, വി. രമിഷ, ഡോ. എം. ലക്ഷ്മി, ഡോ. എസ്. മുരുകേഷ്, കെ. ഫാത്തിമ ഷഹാന എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 11-നാണ് സമാപനം.
ജ്ഞാനോത്പാദനത്തിന് ഗവേഷണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം ഡോ. എം.കെ. ജയരാജ്
ജ്ഞാനോത്പാദനം ത്വരിതപ്പെടുത്തുന്നതിനും ഫലപ്രദമാക്കുന്നതിനും കേരളത്തിലെ അക്കാദമിക കേന്ദ്രങ്ങളില്‍ അടിസ്ഥാന ഗവേഷണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. കാലിക്കറ്റിലെ അറബിക് പഠന വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സെമിനാറും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണ രംഗങ്ങളില്‍ അറബി ഭാഷയും സാഹിത്യവും വലിയ സാധ്യതകളാണ് തുറന്നു വെയ്ക്കുന്നത്. ആ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഫലപ്രദമായ ഗവേഷണ ശ്രമങ്ങളിലേക്ക് ഇറങ്ങാന്‍ പുതിയ ഗവേഷകര്‍ക്ക് സാധിക്കണമെന്നും വി.സി. പറഞ്ഞു. ‘അറബി സാഹിത്യവും സഹിഷ്ണുതയും : അധികാരം, സമൂഹം, സഹവര്‍ത്തിത്വം’ എന്ന പ്രമേയത്തില്‍ 12 വരെയാണ് പരിപാടി. അസഹിഷ്ണുത കൂടിവരുന്ന ലോകത്ത് സഹിഷ്ണുതയെക്കുറിച്ചുള്ള ഏതു വ്യവഹാരവും രചനാത്മകമായിരിക്കുമെന്ന് അധ്യക്ഷത വഹിച്ച വകുപ്പ് മേധാവി പ്രൊഫ. എ.ബി. മൊയ്തീന്‍കുട്ടി അഭിപ്രായപ്പെട്ടു. കേരള സര്‍വകലാശാല അറബി പഠന മേധാവി താജുദ്ദീന്‍ മന്നാനി, പ്രൊഫ. ടി.എ. അബ്ദുല്‍ മജീദ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അറബിക് പഠന വകുപ്പ് മേധാവി ഡോ. എന്‍. ഷംനാദ്, ഇ. അബ്ദുല്‍ മജീദ് ഡോ. ജി.പി. മുനീര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ ഡോ. അസ്ലം കുന്നത്തില്‍, ഡോ. വിനോദ്, ഡോ. സി.എച്ച്. അബ്ദുല്‍ നാസര്‍, പ്രൊഫ. സോമനാഥന്‍, ഡോ. അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
അന്താരാഷ്ട്ര തിയേറ്റര്‍ കോണ്‍ഫറന്‍സ്
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സ് സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര തിയേറ്റര്‍ കോണ്‍ഫറന്‍സ് 10-ന് തുടങ്ങും. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ശങ്കരപ്പിള്ള എന്‍ഡോവ്‌മെന്റ് പ്രഭാഷണം നിലമ്പൂര്‍ ആയിഷ നിര്‍വഹിക്കും. ‘നവ ആഖ്യാനങ്ങള്‍’ എന്ന വിഷയത്തില്‍ പ്രശസ്ത ജര്‍മന്‍ നാടക-സിനിമ പ്രവര്‍ത്തക ജാക്വിലിന്‍ റുസ്സാറ്റെ മുഖ്യപ്രഭാഷണം നടത്തും. ലൂയിസ സ്പാഗന്‍, മിഷേല്‍ ലേസ്‌ട്രേഗന്‍, ബാബു രാമചന്ദ്രന്‍, മുരളി ചേരോത്ത്, സി. ഭാഗ്യനാഥ്, ഡോ. സെബാസ്റ്റ്യന്‍ ജോസഫ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പരിപാടിയുടെ ഭാഗമായി വ്യത്യസ്ത കലാ സാംസ്‌കാരിക പരിപാടികളും വിദ്യാര്‍ത്ഥികള്‍ക്കായി അന്തര്‍ദേശീയ ശില്‍പശാലയും നടക്കും. 12-ന് സമാപിക്കും.
ഡോ. മൂസ എ. ബക്കര്‍ പുരസ്‌കാര പ്രഭാഷണം ഇന്ന്
കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം സംഘടിപ്പിക്കുന്ന ഡോ. മൂസ എ. ബക്കര്‍ പുരസ്‌കാര പ്രഭാഷണവും വി.കെ.സി. എന്റോവ്‌മെന്റ് – കൃഷ്ണദാസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡുകളുടെ വിതരണവും 10-ന് നടക്കും. രാവിലെ 10 മണിക്ക് പഠനവിഭാഗം സെമിനാര്‍ ഹാളില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷനാകും.
വനിതാ ദിനത്തില്‍ കായിക മേള
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല കായിക വിഭാഗം ഫുട്‌ബോള്‍, വടംവലി മത്സരം സംഘടിപ്പിച്ചു. കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. നൂറിലധികം വിദ്യാര്‍ത്ഥിനികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
പരീക്ഷ
ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 26-നും ഏപ്രില്‍ 2021 രണ്ടാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 31-നും തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 1-ന് തുടങ്ങും.
രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26-ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകളും 18-ന് തുടങ്ങും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാര്‍ കലാപം ദേശീയ സെമിനാര്‍
ഫോട്ടോ – മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗം സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. വകുപ്പ് മേധാവി ഡോ. വി.വി. ഹരിദാസ്, സിണ്ടിക്കേറ്റ് അംഗം പ്രൊഫ. എം.എം. നാരായണന്‍, ഡോ. എം.പി. മുജീബ് റഹ്‌മാന്‍ എന്നിവര്‍ സമീപം.




