
രാമനാട്ടുകര നഗരസഭക്ക് കീഴിലെ നെഹ്റു പാർക്കിൻ്റെ നവീകരണത്തിന് 46.87 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഭരണാനുമതി നൽകിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പാർക്കിനെ പൊതുജന സൗഹൃദവും കുട്ടികൾക്കും അമ്മമാർക്കും കൂടുതൽ സൗകര്യപ്രദവുമായ വിനോദ കേന്ദ്രമാക്കി വിപുലീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിൻ്റെ
ഭാഗമായി പ്രധാന പ്രവേശന കവാടം നവീകരണം, ആകർഷകമായ ലാൻഡ്‌സ്‌കേപ്പിങ്, നടപ്പാതകൾ, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കും. പാർക്കിന്റെ സൗന്ദര്യവും സുരക്ഷയും വർധിപ്പിക്കുന്നതിന് ലൈറ്റിങ് സംവിധാനങ്ങളും വൈദ്യുതീകരണവും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ, കഫെറ്റീരിയ, ടോയ്ലറ്റ് ബ്ലോക്ക്, മാലിന്യ ബിന്നുകൾ എന്നിവ ഒരുക്കുകയും പാർക്കിനുള്ളിലെ സ്റ്റേജ്, ചുറ്റുമതിൽ എന്നിവയുടെ നവീകരണ പ്രവൃത്തികൾ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കുകയും ചെയ്യും.
46,87,994.28 രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതിൽ സിവിൽ, വൈദ്യുത, സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നവീകരണ പ്രവൃത്തി പൂർത്തിയാകുന്നതോടെ രാമനാട്ടുകര നെഹ്റു പാർക്ക് പൊതുവിനോദ കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




