മലപ്പുറം :പൊന്നാനിയില്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒന്നര കോടി രൂപ വില വരുന്ന ഹാന്‍സ് പിടികൂടി. പൊന്നാനി നാഷണല്‍ ഹൈവേയില്‍ നടത്തിയ വാഹന പരിശോധനയിലാണ് 200 വലിയ ചാക്കുകള്‍ ആയി കടന്നു വന്ന 3 ലക്ഷത്തോളം ഹാന്‍സ് പാക്കറ്റുകള്‍ പിടികൂടിയത്.
പിടികൂടിയ ഹാന്‍സിന് വിപണിയില്‍ ഒന്നരക്കോടി രൂപയോളം വില വരും. മൈദച്ചാക്കുകള്‍ ചൂറ്റും വച്ചാണ് ഹാന്‍സ് കടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വലിയ തോതിലുള്ള ഹാന്‍സ് ശേഖരം പിടികൂടിയത്.
വാഹനത്തിന്റെ ഡ്രൈവര്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ മോഹന്‍ദാസ് (42) പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കാസര്‍കോട് നിന്നും എറണാകുളം പെരുമ്പാവൂരിലേക്ക് ആണ് ഹാന്‍സ് കടത്തുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
തിരൂര്‍ ഡി വൈ എസ് പി കെ ജെ ജോണ്‍സണ്‍, മലപ്പുറം ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സിബി. എന്‍, ഒ, എന്നിവരുടെ നേതൃത്വത്തില്‍ പൊന്നാനി ഇന്‍സ്‌പെക്ടര്‍ എസ് അഷറഫ്, സബ് ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ കെ. ആര്‍, തിരൂര്‍, താനൂര്‍ ഡാന്‍സാഫ് ടീമുകള്‍, സിപി ഒ രഘൂ, ഐഡ്രിന്‍ കാര്‍വാലിയോ എന്നിവര്‍ അടങ്ങുന്ന സംഘമാണ് വന്‍തോതില്‍ ലഹരി ശേഖരം പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



