ആര്‍ടിപിസിആര്‍; സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹര്‍ജിക്കാരുടെ ഭാഗംകൂടി കേട്ട് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. നിരക്ക് കുറച്ച ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള നിര്‍ദേശവും റദ്ദാക്കി. കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത തുക ഈടാക്കുന്നെന്ന പരാതിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ 1700 രൂപയില്‍നിന്ന് 500 ആക്കിയത്.

സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്ത് അക്രഡിറ്റഡ് ലാബുകളും തിരുവനന്തപുരം ദേവീ സ്‌കാന്‍ സെന്ററും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് ടി ആര്‍ രവി പരിഗണിച്ചത്. നിരക്ക് കുറയ്ക്കുമ്പോള്‍ പരിശോധനയുടെ ഫലപ്രാപ്തിയും കൃത്യതയും കുറയുമെന്നും നിലവിലുള്ള മാനദണ്ഡങ്ങളും ഗുണനിലവാരവും കണക്കിലെടുത്താല്‍ 1500 രൂപ ചെലവുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

പല സംസ്ഥാനത്തും നിരക്ക് കുറവാണെന്നും പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പരമാവധി 500 രൂപയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പരിശോധനാ സാമഗ്രികള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അറിയിച്ചെങ്കിലും ഹര്‍ജിക്കാര്‍ നിരസിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച തുക കുറവായതിനാല്‍ വലിയ നഷ്ടമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലാബുകള്‍ കോടതിയെ സമീപിച്ചത്.

 

Share news
error: Content is protected !!
Scroll to Top