തിരൂരങ്ങാടി: ആളില്ലാത്ത വീട്ടില്‍നിന്നും സ്വര്‍ണാഭരണവും പണവും കവര്‍ന്ന കേസിലെ
പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. എ.ആര്‍ നഗര്‍ കുന്നുംപുറം സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍(21)നെയാണ് മോഷണം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ തിരൂരങ്ങാടി സി.ഐ സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണാഭരണംകുഴിച്ചിട്ട നിലയില്‍ വീട്ടുവളപ്പില്‍ നിന്നും, ബാക്കി കൊണ്ടോട്ടിയിലെ ജ്വല്ലറിയില്‍ നിന്നും പൊലിസ് കണ്ടെടുത്തു. കൂടാതെ പണം വീട്ടിലെ അലമാരിയില്‍നിന്നും റിയാലുകള്‍ കൊണ്ടോട്ടിയിലെ കടയില്‍നിന്നും കണ്ടെടുത്തു. കുന്നുംപുറം കുന്നത്ത് തടത്തില്‍ അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കഴിഞ്ഞ 21ന് രാത്രി മോഷണം നടന്നത്.അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും 350 സഊദി റിയാലുമാണ് മോഷണം പോയത്.അബ്ദുല്‍ ഖാദര്‍ അസുഖം കാരണം കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ വീട് പൂട്ടി പോയതായിരുന്നു.
എസ്.ഐമാരായ ബിബിന്‍, അഹമ്മദ്കുട്ടി, സുബ്രഹ്മണ്യന്‍, എ.എസ്.ഐ വിശ്വനാഥന്‍, എസ്.സി.പി.ഒ അനില്‍കുമാര്‍, എ.സി.പി.ഒ നവീന്‍ ബാബു, സി.പി.ഒ മന്മഥന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.




