
കോഴിക്കോട് : വയോധികയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതിയെ തേടി അന്വേഷണ സംഘം മുംബൈയില്‍. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സമ്പര്‍ക്രാന്തി എക്‌സ്പ്രസില്‍ സഞ്ചരിക്കുകയായിരുന്ന തൃശൂര്‍ സ്വദേശി അമ്മിണിയെ മോഷ്ടാവ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. ശുചിമുറിക്കരികെ നില്‍ക്കുകയായിരുന്ന അമ്മിണിയുടെ ഫോണും ബാഗും കവരാനുള്ള ശ്രമത്തിനിടെയാണ് ട്രാക്കിലേക്ക് തള്ളിയിട്ടത്. ടെയിനില്‍ നിന്ന് ചാടിയ പ്രതി പിന്നാലെ മംഗളൂരു ഭാഗത്തേക്ക് വന്ന ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മുംബൈയില്‍ പ്രതി എത്തിയതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാള്‍ എവിടെയുണ്ടെന്ന സൂചനകളും കിട്ടിയിട്ടുണ്ട്.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയില്‍ എത്തിയത്.
ട്രെയിനില്‍ കവര്‍ച്ച പതിവാക്കിയ സംഘത്തിലുള്‍പ്പെട്ടയാളാണ് പ്രതിയെന്നാണ് പൊലീസിന്റെ നിഗമനം. റെയില്‍വേ പൊലീസ് സിഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്. പ്രത്യേകാന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




