തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളില്‍ ദേശീയപാത വികസനം : രണ്ടാം ഘട്ട 3(G)3 വിചാരണ നവംബര്‍ രണ്ട് മുതല്‍ ആരംഭിക്കും

മലപ്പുറം: തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളില്‍ നിന്നും ദേശീയപാത വികസനത്തിനായി  ഏറ്റെടുക്കുന്ന ഭൂമിയിലെ ഉടമസ്ഥരുടെ രണ്ടാം ഘട്ട 3(G)3 വിചാരണ നവംബര്‍ രണ്ട് മുതല്‍ 17വരെ താഴെ കോഴിച്ചെനയിലുള്ള ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിലും  പൊന്നാനി താലൂക്കിലെ വിചാരണ നവംബര്‍ ഒന്‍പത് മുതല്‍ 20 വരെ പൊന്നാനി മിനി സിവില്‍ സ്റ്റേഷനിലും നടത്തുമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദേശീയപാത നിയമം 3(G)3, 4  വകുപ്പുകള്‍ പ്രകാരമാണ് നേരില്‍ കേള്‍ക്കല്‍ നടത്തുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിലും കുഴിക്കൂര്‍ ചമയങ്ങളിലും ഉടമസ്ഥര്‍ക്ക് അവകാശം തെളിയിക്കുന്നതിനുള്ള അവസരമാണിത്. ആധാരം, അടിയാധാരം, പട്ടയം, നടപ്പു വര്‍ഷത്തെ നികുതി ചീട്ട്, പൊസഷന്‍ ആന്‍ഡ് നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, 14 വര്‍ഷത്തെ കുടിക്കടം, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം വിചാരണയ്ക്ക് ഹാജരാകണം. കെട്ടിടം ഉണ്ടെങ്കില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ബന്ധപ്പെട്ട  രേഖകളുടെ പകര്‍പ്പുകളും കരുതണം. ഒറിജിനല്‍ രേഖകള്‍ പരിശോധനയ്ക്ക് ശേഷം തിരികെ നല്‍കും.
2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പട്ടിക ഒന്ന് പ്രകാരമാണ് നഷ്ട പരിഹാരം നിശ്ചയിക്കുന്നത്. കൂടാതെ പട്ടിക രണ്ട്, മൂന്ന് പ്രകാരം പുനരധിവാസത്തിനും പുന:സ്ഥാപനത്തിനും അര്‍ഹത ഉണ്ടായിരിക്കും. വ്യാപാരികള്‍ ഉള്‍പ്പടെ പുനരധിവാസത്തിന് അര്‍ഹതയുള്ളവര്‍ ആധാര്‍കാര്‍ഡ്, 2017-2018, 2020-2021 വര്‍ഷങ്ങളിലെ സ്ഥാപനത്തിന്റെ ലൈസന്‍സ്, സ്വന്തം കെട്ടിടമല്ലെങ്കില്‍ വാടക കരാറിന്റെ കോപ്പി , ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം ബന്ധപ്പെട്ട തീയതികളില്‍ വിചാരണയ്ക്ക് ഹാജരായി അവകാശവാദം ഉന്നയിക്കണം. അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് പുനരധിവാസത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

2018 മാര്‍ച്ച് ഒന്ന്, 2018 ഏപ്രില്‍ ഒന്ന് തീയതികളിലെ 3 എ വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെട്ടവരും ഇതിനകം രേഖകള്‍ സമര്‍പ്പിച്ചവരും വീണ്ടും വിചാരണയ്ക്ക് ഹാജരാകേണ്ട. അതിനുശേഷം ഇറങ്ങിയ 3എ വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇപ്പോള്‍ വിചാരണ നടക്കുന്നത്. ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിചാരണ. ഒരു മണിക്കൂറില്‍ 20 ഭൂ ഉടമസ്ഥര്‍ എന്ന രീതിയിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിചാരണയ്ക്കായി ഓരോ താലൂക്കിലും അഞ്ച് വീതം കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. താപനില പരിശോധിച്ച് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തി, സാനിറ്റൈസേഷന്‍ നടത്തിയാണ് വിചാരണ ഹാളിലേക്ക് കടത്തുക. വിചാരണ ഹാളിലും കാത്തിരിപ്പു സ്ഥലത്തും സാമൂഹിക അകലം പാലിക്കുന്ന രീതിയില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അധികാരപ്പെടുത്തിയ വ്യക്തികള്‍ മുഖേനയും വിചാരണയില്‍ പങ്കെടുക്കാം. വിചാരണ സംബന്ധിച്ച വിശദ വിവരങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും www.malappuram.nic.in/www.malappuram.gov.inഎന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിചാരണയ്ക്ക് നേരിട്ട് ഹാജരാകുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ നിന്നും ബന്ധപ്പെട്ട ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച്, അനുബന്ധ രേഖകള്‍ സഹിതം തപാലില്‍ അയച്ചു നല്‍കിയും ഏറ്റെടുക്കുന്ന ഭൂമിയിലുള്ള അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാം. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വില നിര്‍ണ്ണയ ജോലികള്‍ ജില്ലയില്‍ പൂര്‍ത്തിയായി വരുന്നു. 3(G)3 വിചാരണയ്ക്കു ശേഷം നഷ്ടപരിഹാരം നിര്‍ണ്ണയിക്കുന്നതും  ഫണ്ടിനു വേണ്ടി ദേശീയപാത അതോറിറ്റിയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതുമാണ്.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി യുദ്ധകാല അടിസ്ഥാനത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഡിസംബര്‍ 15 നകം ഏറ്റെടുത്ത മുഴുവന്‍ ഭൂമിയിലും അവാര്‍ഡ് നിര്‍ണ്ണയ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഫണ്ട് ആവശ്യപ്പെടുന്ന രീതിയിലാണ് നടപടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. നഷ്ടപരിഹാരത്തുക ഡെപ്യൂട്ടി കലക്ടറുടെ അക്കൗണ്ടില്‍ എത്തിയതിനു ശേഷം മാത്രമേ ഭൂമി വിട്ടൊഴിയാനുള്ള നോട്ടീസ് നല്‍കുകയുള്ളു. അതിനുശേഷം ഭൂമി കൈമാറുന്നതിന് പരമാവധി 60 ദിവസം വരെ എടുക്കാം.
ജില്ലയില്‍ രണ്ട് പ്രൊജക്ടുകളിലായി മുഴുവന്‍ സ്ഥലത്തും റോഡ് നിര്‍മാണത്തിനുള്ള ടെന്‍ഡറുകള്‍ ദേശീയപാത അതോറിറ്റി പുറപ്പെടുവിച്ചു കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം തന്നെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുന്നതിനാണ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •