Section

malabari-logo-mobile

സര്‍ക്കാര്‍ ഓഫീസുകളില്‍ വിവരാവകാശ കമ്മീഷന്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമെന്ന് വിവരാവകാശ കമ്മീഷണര്‍, ‘ഫയല്‍ കാണാനില്ല എന്ന മറുപടി വിവരാവകാശ നിയമപ്രകാരം അനുവദിക്കുന്നതല്ല’

HIGHLIGHTS : Right to Information Commissioner said that the Right to Information Commission will conduct lightning visits to government offices

സര്‍ക്കാര്‍ ഓഫീസുകളില്‍ വിവരാവകാശ കമ്മീഷന്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീം. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ പരാതികള്‍ക്കായി കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ നടത്തിയ സിറ്റിംഗിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യപടിയായി എല്ലാ കലക്ടറേറ്റുകളിലും പിന്നെ തിരഞ്ഞെടുത്ത ഓഫീസുകളിലും കമ്മീഷന്‍ പരിശോധന നടത്തും. ഏത് സമയത്തും കമ്മീഷണര്‍മാരോ കമ്മീഷന്‍ നിയോഗിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരോ സര്‍ക്കാര്‍ ഓഫീസുകളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തും. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകള്‍ നമ്പര്‍ ഇട്ട്, വിഭാഗം തിരിച്ച്, പ്രത്യേകം അടുക്കി വെക്കണം. ഫയല്‍ ഡിസ്‌പോസല്‍ കാലാവധി രേഖപ്പെടുത്തല്‍, ഡിസ്‌പോസ് ചെയ്ത ഫയലുകളുടെ ലിസ്റ്റ് സൂക്ഷിക്കല്‍, കാലാവധി കഴിഞ്ഞ് നശിപ്പിച്ച ഫയല്‍ ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖ എന്നിവ കൃത്യമായി ഉണ്ടായിരിക്കണം. ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാ ഓഫീസുകളിലും വേണം. ഒരു കാരണവശാലും ഫയല്‍ കാണാനില്ല എന്ന മറുപടി വിവരാവകാശ നിയമപ്രകാരം അനുവദിക്കുന്നതല്ല,’ കമ്മീഷണര്‍ വ്യക്തമാക്കി.

sameeksha-malabarinews

വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ ആദ്യത്തെ രണ്ടു ഘട്ടങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളില്‍ വേണ്ട വിധം അപേക്ഷകള്‍ പരിഗണിക്കാതിരിക്കുകയും ഹര്‍ജിക്കാര്‍ക്ക് കൃത്യസമയത്ത് വിവരം ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ കമ്മീഷന് മുന്നില്‍ എത്തുന്ന അപ്പീലുകളുടെ എണ്ണം വര്‍ധിക്കുന്നു. 30 ദിവസത്തിനകം വിവരം ലഭ്യമാക്കിയാല്‍ മതി എന്ന ധാരണ പല ഓഫീസര്‍മാര്‍ക്കുമുണ്ട് ഇത് ശരിയല്ല. വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ ലഭിച്ചാല്‍ മറുപടി കഴിയുന്നത്ര വേഗത്തില്‍ നല്‍കണം എന്നാണ്. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനകം പ്രാരംഭ നടപടി പൂര്‍ത്തിയാക്കണം എന്നാണ് നിയമം. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ ഇരുപത്തി ഒന്‍പതാം ദിവസം ഫയല്‍ എടുത്ത് കൃത്യമല്ലാത്ത മറുപടി കൊടുക്കുകയാണ്. ഇത് നിയമം അനുവദിക്കുന്നതല്ല. വിവരാവകാശ നിയമപ്രകാരം ഏത് ഓഫീസിലും ഉള്ള വിവരങ്ങള്‍ ഓഫീസര്‍മാര്‍ സ്വമേധയാ ലഭ്യമാക്കണം, വിവരാവകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീം. പറഞ്ഞു.

പല സ്വകാര്യ ആശുപത്രികളും ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് എത്തുന്ന രോഗികളെ മറ്റ് അനധികൃത നിബന്ധനകളിലൂടെ ആശുപത്രിയില്‍ തന്നെ തളച്ചിടാനുള്ള ശ്രമം നടത്തുന്നതുമായി ബന്ധപ്പെട്ട് കമ്മീഷന് പരാതി ലഭിച്ചു. ആരോഗ്യവകുപ്പിന്റെയും ഡി.എം.ഒയുടെയും റിപ്പോര്‍ട്ട് പ്രകാരം അത് നിയമവിരുദ്ധമാണ്. അതുകൊണ്ട് ഏതെങ്കിലും ആശുപത്രികളുടെ ഭാഗത്ത് നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ തന്നെ ആ ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കണമെന്ന് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

നിയമവിരുദ്ധമായി റവന്യു വകുപ്പില്‍ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കുന്നതിന് അധികം തുക ഫീസായി ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി കമ്മീഷന് ലഭിച്ചു. ഈ നിയമവിരുദ്ധ പ്രവര്‍ത്തി നടത്തിയ ഉദ്യോഗസ്ഥനെ നിയമ പ്രകാരം ഫൈന്‍ നല്‍കി കമ്മീഷന്‍ ശിക്ഷിച്ചു.

വിവരാവകാശ നിയമപ്രകാരം പ്രായോഗികമായി ലഭിക്കാത്ത വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ഓഫീസുകളില്‍ അനാവശ്യമായി അപേക്ഷകള്‍ ലഭിക്കുന്നതായി കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം അപേക്ഷകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!