വിവരാവകാശ അപേക്ഷ: മറുപടികള്‍ കൃത്യവും വ്യക്തവുമായിരിക്കണം : വിവരാവകാശ കമീഷണര്‍

HIGHLIGHTS : Right to Information application: Responses should be accurate and clear: Right to Information Commissioner

cite

വിവരാവകാശ അപേക്ഷകളില്‍ ലഭ്യമല്ല, ബാധകമല്ല തുടങ്ങിയ മറുപടികള്‍ സ്വീകാര്യമല്ലെന്നും അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയും കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉദ്യോഗസ്ഥര്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. സര്‍ക്കാര്‍ ഫയലുകളില്‍ നടപടികള്‍ വൈകുന്നതിനാലും പൂഴ്ത്തിവെക്കുന്നതിനാലുമാണ് വിവരാവകാശ അപേക്ഷകള്‍ വര്‍ധിക്കുന്നത്. ഓഫീസുകളില്‍ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ ക്രമീകരിച്ച് വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാവുന്ന തരത്തില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവരം നല്‍കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ ക്ലീന്‍ സിറ്റി മാനേജര്‍ക്കെതിരെയും കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്ഗ് കണ്‍ട്രോളര്‍ ഓഫീസിലെ മുന്‍ വിവരാവകാശ ഓഫീസര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് കമീഷണര്‍ പറഞ്ഞു. മീഞ്ചന്ത ആര്‍ട്സ് കോളേജിലെ പി ടി എ വിവരങ്ങളുമായി ബന്ധപ്പെട്ട അപേക്ഷയില്‍, പി ടി എ വിവരാവാകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും അപേക്ഷകന് വിവരങ്ങള്‍ നല്‍കണമെന്നും കമീഷന്‍ പ്രിന്‍സിപ്പലിനോട് നിര്‍ദേശിച്ചു. എസ് എന്‍ കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവരം നല്‍കാന്‍ ട്രസ്റ്റിന് വേണ്ടി ഹാജരായ പ്രിന്‍സിപ്പലിനോടും നിര്‍ദേശിച്ചു. പ്രിന്‍സിപ്പലിന് നല്‍കാന്‍ കഴിയാത്ത വിവരങ്ങള്‍ കൈമാറാന്‍ മാനേജ്മെന്റ് സംവിധാനം ഒരുക്കണമെന്നും കമീഷണര്‍ നിദേശിച്ചു

താമരശ്ശേരി താലൂക്ക് ഓഫീസ് നല്‍കിയ എഫ്എംബി രേഖകളില്‍ കൃത്യതയും വ്യക്തതയുമില്ലെന്ന പരാതിയില്‍ ഹരജിക്കാരനായ പത്മനാഭക്കുറുപ്പിന് കൃത്യമായ രേഖകള്‍ നല്‍കാന്‍ താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാരോട് ആവശ്യപ്പെട്ടു. ഫീസ് അടച്ചിട്ടും സമയപരിധിക്കുള്ളില്‍ വിവരം നല്‍കിയില്ലെന്ന് പരാതിപ്പെട്ട അപേക്ഷകന് സൗജന്യമായി വിവരം നല്‍കാനും അടച്ച ഫീസ് തിരികെ നല്‍കാനും കമീഷന്‍ നിര്‍ദേശം നല്‍കി. ഹിയറിങ്ങില്‍ 13 അപേക്ഷകള്‍ തീര്‍പ്പാക്കി. ഹിയറിങ്ങില്‍ ഹാജരാവാത്തവര്‍ക്ക് സമന്‍സ് അയക്കുമെന്ന് കമീഷണര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!