കോഴിക്കോട്: തകരാത്ത റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണി. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കുന്ദംമഗലം-മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയിലാണ് സംഭവം. തകരാത്ത 17 മീറ്റര്‍ റോഡിലാണ് ടാറൊഴിച്ച് പണി തുടങ്ങിയത്.
റോഡില്‍ കുഴിയുണ്ടെന്ന് പറഞ്ഞാണ് കരാറുകാരന്‍ പണി ആരംഭിച്ചത്. എന്നാല്‍ ഇത് പണംതട്ടാനുള്ള ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ അടവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മൂന്ന് വര്‍ഷം മുമ്പ് ടാര്‍ ചെയ്ത റോഡാണെന്നും അഴിമതി നടത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി, ചീഫ് എന്‍ജിനീയറോട് വിശദീകരണം തേടി.
ഇത് ഒറ്റപ്പെട്ട പ്രവണതയല്ലെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തി കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.




