
ന്യൂ ഡൽഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83)അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ കസ്തൂരിരംഗൻ സമിതിയെ നിയമിച്ചു.
1942 മെയ് 24 നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ ജനനം. അമ്മ പ്രമീള. അച്ഛന്‍ സാമ്പത്തികശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍.പൂനെ, മുംബൈ യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ജീവശാസ്ത്രം, ഗണിതപരിസ്ഥിതിശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ്, ഹാർവാഡിൽ ഐബിഎം ഫെലോ എന്നിങ്ങനെയാണ് യോഗ്യതകൾ. അപ്ലൈഡ് മാത്തമാറ്റിക്‌സിൽ റിസേർച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നു. 1973 മുതൽ 2004 വരെ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായി പ്രവർത്തിച്ചു. സ്റ്റാൻഫോഡിലും ബെർക്‌ലിയിലെ കാലിഫോണിയ സർവകലാശാലയിലും സന്ദർശക പ്രൊഫസറായും പ്രവർത്തിച്ചു.
ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. സ്ഥിരമായി ആനുകാലികങ്ങളിൽ ഇംഗ്ലീഷിലും പ്രാദേശികഭാഷകളിലും എഴുതാറുള്ള വ്യക്തി കൂടിയായിരുന്നു മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ടം ഒരു പ്രണയകഥ എന്ന പേരില്‍ ആത്മകഥയും എഴുതിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതിപുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു.രാജ്യം പദ്‌മശ്രീ, പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.ദേശീയ പാരിസ്ഥിതിക ഫെല്ലോഷിപ്, ഇക്കോളജി സൊസൈറ്റി ഓഫ് അമേരിക്കയിലെ വിശിഷ്ടാംഗത്വം, ശാന്തി സ്വരൂപ് ഭട്‌നഗർ അവാർഡ്, വിക്രം സാരാഭായ് അവാർഡ്, ഈശ്വരവചന്ദ്ര വിദ്യാസാഗർ അവാർഡ്, ഹാർവാർഡ് സർവകലാശാലയുടെ സെന്റെനിയൽ മെഡൽ,വോൾവോ പാരിസ്ഥിതിക അവാർഡ്, കർണാടക സർക്കാരിന്റെ രാജ്യോൽസവ സമ്മാനം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
സംസ്‌കാരം ഇന്ന് വൈകീട്ട് നാല്മണിക്ക് വൈകുണ്ഡ് ശ്മശാനത്തില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



