കോഴിക്കോട്: നാലു മാസമായി അടച്ചിട്ട ടൗണ്‍ഹാള്‍ മുഖം മിനുക്കി ഇന്ന് തുറക്കുന്നു. വേദിയിലെ സൈഡ് കര്‍ട്ടനുകള്‍ മാറ്റി മരത്തിന്റെ പാളികളാക്കി. 300 പഴയ കസേരകള്‍ മാറ്റി പുതിയ കസേരകള്‍ സ്ഥാപിച്ചു. പുതിയ ചായം പൂശുകയും ചുമരുകളിലെ വെള്ള ലൈറ്റുകള്‍ മാറ്റി ആന്റിക് ശൈലിയിലുള്ള ലൈറ്റുകള്‍ ഉറപ്പിച്ചിട്ടുമുണ്ട്. 30 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാണ് ടൗണ്‍ഹാള്‍ തുറക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
1891 ജനുവരി 12ന് ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ ഭരണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ടൗണ്‍ഹാള്‍ പണിത്.കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ആണ് ടൗണ്‍ഹാള്‍ അടച്ചിട്ടത്. ദിവസവും പരിപാടികള്‍ നടന്നിരുന്ന ടൗണ്‍ ഹാള്‍ അടച്ചിട്ടത് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇന്നു വൈകിട്ട് 4.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം സംഗീത നിശയുമുണ്ടാകും.




