മോദിക്കെതിരായ പരാമര്‍ശം; അധിര്‍ രഞ്ജന്‍ ചൗധരിക്ക് സസ്‌പെന്‍ഷന്‍

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര മന്ത്രിമാര്‍ക്കുമെതിരായ പരാമര്‍ശങ്ങളിന്മേലാണ് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇത് ആദ്യമായാണ് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്.അധിര്‍ രഞ്ജന്‍ ചൗധരി നിരന്തരം സഭയില്‍ മോശമായാണ് പെരുമാറുന്നതെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചു.

മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിനിടെ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയ വേളയില്‍ അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് കാരണം. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് പറഞ്ഞ ചൗധരി, മണിപ്പൂരിലെ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഓര്‍മ്മപ്പെടുത്തി. രാജാവ് അന്ധനാണെന്ന് പറഞ്ഞ അദ്ദേഹം, ധൃതരാഷ്ട്രര്‍ അന്ധനായിരുന്നപ്പോള്‍ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടതും ലോക്‌സഭയില്‍ പരാമര്‍ശിച്ചു. ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടപ്പോള്‍ ധൃതരാഷ്ട്രര്‍ അന്ധനായിരുന്ന പോലെ ഇന്നും രാജാവ് അന്ധനായിരിക്കുന്നുവെന്ന് ചൗധരി പറഞ്ഞതോടെ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. താന്‍ ആരുടെയും പേര് പറഞ്ഞില്ലെന്ന് പറഞ്ഞ് തിരിച്ചടിച്ച അധിര്‍ രഞ്ജന്‍ ചൗധരി, ഹസ്തിനപുരം ആണെങ്കിലും മണിപ്പൂര്‍ ആണെങ്കിലും ഒരു വ്യത്യാസവുമില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

 

ശേഷം നീരവ് മോദിയെ പരാമര്‍ശിച്ചായിരുന്നു ചൗധരിയുടെ വിമര്‍ശനം. കോടികള്‍ മോഷ്ടിച്ച് നീരവ് മോദി കടന്നു കളഞ്ഞുവെന്നാണ് കരുതിയത്. എന്നാല്‍ മണിപ്പൂരിലെ സംഭവങ്ങള്‍ കണ്ടപ്പോള്‍ നീരവ് മോദി ഇന്ത്യയില്‍ ഉണ്ടെന്ന് മനസ്സിലായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നരേന്ദ്രമോദി, നീരവ് മോദിയായി മിണ്ടാതിരിക്കുന്നുവെന്ന വിമര്‍ശനമാണ് ചൗധരി മുന്നോട്ടുവച്ചത്. ഇതോടെ ഭരണ പ്രതിപക്ഷ ബഹളം ശക്തമായി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top