Section

malabari-logo-mobile

ഉപേക്ഷിക്കപ്പെടുന്ന വൃദ്ധജനങ്ങളെ സർക്കാർ ഏറ്റെടുക്കും; മന്ത്രി ഡോ. ആര്‍ ബിന്ദു

HIGHLIGHTS : rehabilitation of elderly orphans in hospitals; Department of Social Justice will take over: Minister Dr. R Bindhu

സര്‍ക്കാര്‍ ആശുപത്രികളില്‍ അനാഥരാക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുന്നു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതിനു സൗകര്യമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആര്‍ ബിന്ദു പ്രഖ്യാപിച്ചു. ഇതിനുള്ള നടപടിക്രമങ്ങളുടെ രൂപരേഖ തയ്യാറാക്കാന്‍ സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ഭാരവാഹികള്‍, ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ മേധാവികള്‍, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന വൃദ്ധസദനങ്ങളിലും (16) ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വൃദ്ധസദന(632)ങ്ങളിലുമായി 29767 പേരെ താമസിപ്പിക്കാന്‍ സാധിക്കും. രണ്ടിടങ്ങളിലുമായി 17801 പേരാണ് നിലവില്‍ താമസക്കാര്‍. ഈ രണ്ടിടങ്ങളും ആശുപത്രികളില്‍ അനാഥരാക്കപ്പെടുന്നവരെക്കൂടി പുനരധിവസിപ്പിക്കാന്‍ ഉപയുക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

ആശുപത്രികളില്‍നിന്നും വൃദ്ധസദനങ്ങളിലേക്ക് മാറ്റുന്ന അനാഥരായ വയോജനങ്ങള്‍ ശയ്യാവലംബരാണെങ്കില്‍ അവരെ സൗകര്യമുള്ള വൃദ്ധമന്ദിരങ്ങളിലേക്ക് മാറ്റും. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ സൗകര്യമുണ്ടെങ്കില്‍ അവിടെ പുനരധിവസിപ്പിക്കും. അല്ലാത്ത പക്ഷം സര്‍ക്കാര്‍ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളില്‍ പുനരധിവസിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ലഭ്യമല്ലാത്ത ഘട്ടങ്ങളില്‍ അംഗീകാരമുള്ള മറ്റു വൃദ്ധസദനങ്ങളില്‍ പുനരധിവസിപ്പിക്കും – മന്ത്രി പറഞ്ഞു.

ആശുപത്രികളില്‍ നിന്നും ആശുപത്രി സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം താമസക്കാരെ ഏറ്റെടുക്കുമ്പോള്‍ ആശുപത്രി രേഖകളും ചികിത്സാസംബന്ധിയായ രേഖകളും ക്ഷേമസ്ഥാപനങ്ങള്‍ക്ക് നല്‍കണം. ആശുപത്രികളില്‍നിന്ന് ഏറ്റെടുക്കുന്നതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടും സ്ഥാപനമേധാവിയും തമ്മില്‍ വ്യക്തമായ ധാരണയുണ്ടാക്കും. രേഖകളുടെ അസ്സല്‍ ആശുപത്രി സൂപ്രണ്ട് സൂക്ഷിക്കും. പകര്‍പ്പുകള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറും. സ്ഥാപനമേധാവികള്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനും ആവശ്യമായ വിവരങ്ങള്‍ നല്‍കണം മന്ത്രി നിര്‍ദ്ദേശിച്ചു.

ഏതു ഘട്ടത്തിലും താമസക്കാര്‍ക്ക് ആവശ്യമായി വരുന്ന ചികിത്സാസൗകര്യവും മരുന്നുകളും ആരോഗ്യവകുപ്പ് അധികൃതര്‍ ഉറപ്പാക്കും. അതിനുള്ള നടപടികള്‍ ആശുപത്രി സൂപ്രണ്ട് സ്വീകരിക്കും. താമസക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ക്ഷേമസ്ഥാപന മേധാവികള്‍ ഉറപ്പാക്കും. സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ കോയ മാസ്റ്റര്‍, ബോര്‍ഡ് അംഗങ്ങളായ സിസ്റ്റര്‍ വിനീത, ഫാ. ജോര്‍ജ് ജോഷ്വ, ഫാ. റോയ് മാത്യു വടക്കയില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. മീനാക്ഷി വി. എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!