Section

malabari-logo-mobile

റെഡ് അലര്‍ട്ട്; കോഴിക്കോട് ജില്ലയില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ നടപടികള്‍ സ്വീകരിക്കണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്

HIGHLIGHTS : Red Alert; Measures should be taken to deal with emergency situations in Kozhikode district; Minister PA Muhammad Riaz

കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊലീസ്, അഗ്നിശമനസേന, സന്നദ്ധ വോളണ്ടിയര്‍മാര്‍, യുവജന സംഘടനകള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വൈദ്യുതി സംബന്ധമായ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി കെഎസ്ഇബി അടിയന്തരമായി ടോള്‍ഫ്രീ നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. വൈദ്യുതി ലൈന്‍ പൊട്ടി ഉണ്ടാകുന്ന അപകടങ്ങള്‍ തടയാനും ജനങ്ങള്‍ക്ക് കെ.എസ്.ഇ.ബിയെ നേരിട്ട് എത്രയും വേഗം ബന്ധപ്പെടാനും ടോള്‍ഫ്രീ നമ്പറുകള്‍ സഹായിക്കും.

sameeksha-malabarinews

പഞ്ചായത്ത് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ എത്രയും വേഗം മാറ്റിപ്പാര്‍പ്പിക്കാന്‍ സംവിധാനമൊരുക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക ചുമതലകള്‍ നല്‍കണമെന്ന് മന്ത്രി പറഞ്ഞു. വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പെടെ മാറ്റി താമസിപ്പിക്കാന്‍ നടപടി സ്വീകരിക്കണം.

നേരത്തെ പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ പ്രത്യേകം ഇടപെടലുകള്‍ നടത്തി അപകട സാഹചര്യമില്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

ക്യാമ്പുകള്‍ തുടങ്ങേണ്ട സാഹചര്യമുണ്ടെങ്കില്‍ അവ എത്രയും വേഗം ആരംഭിക്കണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. താമസസ്ഥലത്തു നിന്നും മാറാന്‍ തയ്യാറാകാത്തവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികള്‍ക്കും ആവശ്യമായ മുന്നറിയിപ്പു നല്‍കണം. കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് വിഭാഗങ്ങള്‍ കടലില്‍ പെട്രോളിങ് നടത്തുന്നുണ്ട്.

മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകാന്‍ ശ്രമിക്കുന്ന ബോട്ടുകള്‍ പിടിച്ചെടുക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലയോരമേഖലയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെഎസ്ഇബിയുടെ എല്ലാ സെഷന്‍ ഓഫീസുകളും 24 മണിക്കൂര്‍ പ്രവര്‍ത്തനനിരതമാണ്. ലൈന്‍ പൊട്ടുന്നത് ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ നിലവില്‍ അണക്കെട്ട് കളുടെയും നദികളുടെയും ജലനിരപ്പ് സാധാരണ നിലയിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലെ എം.എല്‍.എ മാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!