Section

malabari-logo-mobile

കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ

HIGHLIGHTS : Recommendation of the Ministry of Health to sanction AIIMS for Kerala

കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുവദിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് കത്ത് നല്‍കിയതായി ആരോഗ്യ മന്ത്രാലയം. ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ കേരളം നിര്‍ദേശിച്ച നാല് സ്ഥലങ്ങളില്‍ ഒരിടത്ത് എയിംസ് യാഥാര്‍ഥ്യമാകും.  തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധസമിതിയാവും അന്തിമപരിശോധന നടത്തി സ്ഥലം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരത്തിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് അനുവദിക്കാനാണ് തീരുമാനം.

sameeksha-malabarinews

കേന്ദ്ര ധനകാര്യ മന്ത്രാലയം അതിന്റെ തുടര്‍നടപടികളിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കെ മുരളീധരന്‍ എംപി ചട്ടം 377 പ്രകാരം ചോദിച്ച ചോദ്യത്തിന് മറുപടി ആയി നല്‍കിയ കത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് കെ മുരളീധരന്‍ എം.പി കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്.

കേരള സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന് പലവട്ടം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തവണത്തെ ബജറ്റില്‍ തുക വകയിരുത്തുമെന്ന പ്രതീക്ഷകളും അസ്ഥാനത്തായിരുന്നു.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരം കൂടി ലഭിച്ചാല്‍ കേരളത്തിന്റെ ദീര്‍ഘകാല ആവശ്യത്തിന് പ്രതീക്ഷയാകും. കേന്ദ്രം നിര്‍ദേശിച്ച പ്രകാരം കേരളം ചൂണ്ടിക്കാട്ടിയ നാല് സ്ഥലങ്ങളില്‍ ഒരിടത്ത് എയിംസ് യാഥാര്‍ത്ഥ്യമാക്കാനാകും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!