Section

malabari-logo-mobile

റേഷൻ വിതരണം സംബന്ധിച്ച പൊതുജനങ്ങളുടെ പരാതി രേഖപ്പെടുത്താൻ  ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക നമ്പർ

HIGHLIGHTS : റേഷൻ വിതരണം സംബന്ധിച്ച് ജനങ്ങൾക്കുള്ള പരാതികൾ രേഖപ്പെടുത്താൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന വിധം ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക നമ്പർ നൽകുന്ന ചടങ്ങ് ഭക്ഷ്...

റേഷൻ വിതരണം സംബന്ധിച്ച് ജനങ്ങൾക്കുള്ള പരാതികൾ രേഖപ്പെടുത്താൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന വിധം ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക നമ്പർ നൽകുന്ന ചടങ്ങ് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു.  ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, സമ്പൂർണ കമ്പ്യൂട്ടർവത്കരണം എന്നിവയുടെ ഭാഗമായാണ് സിവിൽ സപ്ലൈസ് കമ്മീഷണർ മുതൽ റേഷനിംഗ് ഇൻസ്‌പെക്ടർമാർ വരെയുള്ളവർക്ക് ബി.എസ്.എൻ.എൽ കണക്ഷനുകൾ (സി.യു.ജി) നൽകുന്നത്.  റേഷൻ വിതരണം, റേഷൻ കാർഡ് അപേക്ഷ നൽകൽ തുടങ്ങി സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിഹരിക്കാൻ പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാം.  നമ്പറുകൾ civilsupplieskerala.gov.in ന്റെ ഹോം പേജിൽ മൊബൈൽ നമ്പർ എന്ന ലിങ്കിൽ ലഭിക്കും.
ഉദ്യോഗസ്ഥർക്ക് അനുവദിച്ച നമ്പറുകൾ ഓഫീസിലെ നോട്ടീസ് ബോർഡിലും റേഷനിംഗ് ഇൻസ്‌പെക്ടർ, താലൂക്ക് സപ്ലൈ ഓഫീസർ എന്നിവരുടെ നമ്പറുകൾ അതത് റേഷൻ കടകളിലും പ്രദർശിപ്പിക്കും.  സിമ്മിന്റെ കൈമാറ്റം സിവിൽ സപ്ലൈസ് കമ്മീഷണർ മിനി ആന്റണിക്ക് നൽകി മന്ത്രി നിർവഹിച്ചു.  ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായുള്ള ഓഡിറ്റിംഗ് ആരംഭിച്ചു.  പൈലറ്റ് പദ്ധതിയുടെ ഉദ്ഘാടനം 25ന് രാജാജി നഗറിൽ നടക്കും.  സംസ്ഥാനത്തെ മൾട്ടിലെവൽ മാർക്കറ്റിംഗ് മാർഗരേഖയുടെ പ്രകാശനം ഓഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  സംസ്ഥാനതലത്തിലും ജില്ലാതലത്തിലും താലൂക്ക്തലത്തിലും റേഷൻകടതലത്തിലും ജനപങ്കാളിത്തമുള്ള വിജിലൻസ് കമ്മിറ്റികൾ ഒരു മാസത്തിനുള്ളിൽ രൂപീകരിക്കും.  ആദിവാസി ഊരുകളിൽ റേഷൻ എത്തിക്കുന്ന പദ്ധതി രണ്ട് സ്ഥലങ്ങളിൽ വിജയകരമായി നടപ്പാക്കി ഓണക്കാലത്തിനു മുമ്പ് എല്ലാ ഊരുകളിലും പദ്ധതി വ്യാപിപ്പിക്കും.  റേഷൻ സംബന്ധമായ പരാതികൾ ടെലിഫോണിൽ ലഭ്യമായാൽ മൂന്ന് ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കും.  പരാതികൾ ലഭിച്ചാൽ അത് രേഖപ്പെടുത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും സമയബന്ധിതമായ നടപടിക്രമങ്ങൾ രൂപീകരിക്കും.  ഔദ്യോഗിക ഫോൺ ഓഫ് ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!