പരപ്പനങ്ങാടി: വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ ഫയര്‍ സര്‍വ്വീസ് മെഡല്‍ നേടിയ കൊടുങ്ങല്ലൂര്‍ ഫയര്‍ & റെസ്‌ക്യൂ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസറും അരിയല്ലൂര്‍ സ്വദേശിയും സംസ്‌കൃതി വള്ളിക്കുന്ന് പ്രസിഡണ്ടുമായ മുക്കടക്കാട്ട് രാജേന്ദ്രനാഥിനെ ജന്മനാട് ആദരിച്ചു.
വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബക്കര്‍ ചെര്‍ന്നൂര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥാകൃത്തും സാഹിത്യകാരനുമായ പി.കെ.പാറക്കടവ് അവാര്‍ഡ് ജേതാവിനെ പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് മെമ്പര്‍ ലക്ഷ്മി ഒടുക്കത്തില്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ അനീഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, തിരൂര്‍ ഫയര്‍ & റെസ്‌ക്യൂ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് കുമാര്‍.എം കെ, രാധാകൃഷ്ണദാസ് എം ഇ, ബിജു പാറോല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
തുടര്‍ന്ന് തിരൂര്‍ ഫയര്‍ & റെസ്‌ക്യൂ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ സര്‍വ്വീസ് ജീവനക്കാരുടെ അഗ്‌നി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും പ്രദര്‍ശനവും ഉണ്ടായിരുന്നു. വിവധ കാലാപരിപാടികളും നടന്നു.
ഗ്യാസിന് തീപിടിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, ഗ്യാസ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കുട്ടികളുടേയും മുതിര്‍ണവരുടേയും തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളേക്കുറിച്ച് അവര്‍ പ്രദര്‍ശനത്തോടു കൂടി ക്ലാസ്സെടുത്തു.




