രമേശ് ചെന്നിത്തല നടനാകുന്നു, രാഷ്ട്രീയ നേതാവിന്റെ റോളിൽ

ഹരിപ്പാട്: ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്ന സിനിമയിലൂടെ മുന്‍ പ്രതിപക്ഷനേതാവും ഹരിപ്പാട് എം.എല്‍.എയുമായ രമേശ് ചെന്നിത്തല സ്‌ക്രീനിലെത്തുകയാണ്. സിനിമയില്‍ മൂന്ന് സീനുകളിലാണ് രമേശ് ചെന്നിത്തലയിലെ നടനെ കാണാനാവുക. നിഖില്‍ മാധവാണ് ചിത്രത്തിന്റെ സംവിധായകന്‍. അഭിനയത്തില്‍ ഒരു കൈ നോക്കിയ രാഷ്ട്രീയ നേതാക്കള്‍ കുറവല്ല. രാജ്മോഹന്‍ ഉണ്ണിത്താനും പന്ന്യന്‍ രവീന്ദ്രനും പി.സി ജോര്‍ജ്ജും ക്യാമറക്ക് മുന്നില്‍ അഭിനയം പരീക്ഷിച്ചു നോക്കിയവരാണ്.

രമേശ് ചെന്നിത്തലക്ക് പുറമേ ആലപ്പുഴ എം.പി എ.എം. ആരിഫും അഭിനേതാവായി ഈ ചിത്രത്തിലുണ്ട്. എം.ജി ശ്രീകുമാര്‍ പാടിയ ഗാനത്തിലാണ് ആരിഫ് പ്രത്യക്ഷപ്പെടുന്നത്. ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേതാവായി തന്നെയാണ് രമേശ് ചെന്നിത്തല എത്തുന്നത്. കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിച്ചുള്ള ചിത്രീകരണത്തിന് അനുമതി കിട്ടിയാല്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടുന്ന സീനുകള്‍ ചിത്രീകരിക്കുമെന്ന് സംവിധായകന്‍ നിഖില്‍ മാധവ് പറഞ്ഞു.

മമ്മൂട്ടിയുടെ സഹോദരിപുത്രനും നടനുമായ അഷ്‌കര്‍ സൗദാനാണ് സിനിമയിലെ നായകന്‍. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നീന കുറുപ്പ്, ഭീമന്‍ രഘു, ബേസില്‍ മാത്യു, സുനില്‍ സുഖദ, കോട്ടയം പ്രദീപ് എന്നിവരും താരങ്ങളാണ്.

 

Share news
error: Content is protected !!
Scroll to Top